
പുത്തൻകുരിശ് ● ലബനോനിൽ നടക്കുന്ന മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കാതോലിക്ക വാഴ്ചയ്ക്ക് എതിരെ ഓർത്തഡോക്സ് വിഭാഗം നടത്തുന്ന പ്രചാരണങ്ങൾ ആത്മവഞ്ചനയെന്ന് മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി.
യാക്കോബായ, ഓർത്തഡോക്സ് സഭകൾ വ്യത്യസ്ത ആചാരവും വിശ്വാസവും അനുഷ്ഠിച്ചു വരുന്ന രണ്ടു സഭകളാണ്. സുപ്രീം കോടതിയിൽ ഇരു സഭകളും വ്യത്യസ്ത ആചാരവും വിശ്വാസവുമുള്ള സഭകളാണെന്ന് ഓർത്തഡോക്സ് വിഭാഗം സത്യവാങ്മൂലം നൽകിയിരുന്നു. തുടർന്നുണ്ടായ സുപ്രീം കോടതി വിധി ഓർത്തഡോക്സ് വിഭാഗം അംഗീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇതര സഭയിലെ കാതോലിക്കയെ വാഴിക്കുന്നതിൽ ഓർത്തഡോക്സ് വിഭാഗം ആകുലപ്പെടേണ്ട കാര്യമില്ലെന്നും ഇതിന് എതിരെ നടത്തുന്ന പരാമർശങ്ങൾ ന്യായയുക്തമല്ലെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
നീതിരഹിതമായി യാക്കോബായ സുറിയാനി സഭയുടെ പള്ളികൾ കൈയേറി കൊണ്ടിരിക്കുന്ന സാഹചര്യം ഇപ്പോൾ ലഭിക്കാത്തതിൻ്റെ നിരാശ ഓർത്തഡോക്സ് വിഭാഗത്തിൻ്റെ പ്രസ്താവനകളിൽ പ്രകടമാണ്. മലങ്കര സഭാ തർക്കം ശാശ്വതമായി പരിഹരിക്കുവാൻ ബഹു. മുഖ്യമന്ത്രി അനേകം പ്രാവശ്യം ചർച്ചകൾ ക്രമീകരിച്ചിട്ടും ഓർത്തഡോക്സ് വിഭാഗം നിസ്സഹകരണ മനോഭാവവും നിസ്സംഗതയും നിഷേധാത്മക സമീപനവുമാണ് സ്വീകരിച്ചത്. മലങ്കര സഭാ തർക്കം പരിഹരിക്കപ്പെടാതെയിരിക്കുവാനുള്ള സുപ്രധാന കാരണം ഇതിലൂടെ പൊതുസമൂഹത്തിനും ബഹു. ഗവൺമെൻ്റിനും വ്യക്തമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
അടിസ്ഥാനരഹിതവും ന്യായയുക്തമല്ലാത്തതുമായ പ്രസ്താവനകൾ വീണ്ടും പ്രചരിപ്പിച്ചു കൊണ്ട് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാനും മലങ്കര സഭാ തർക്കം കലുഷിതമാക്കുവാനും ഓർത്തഡോക്സ് വിഭാഗം നടത്തുന്ന ശ്രമങ്ങൾ തികച്ചും നിരാശാജനകവും നിർഭാഗ്യകരവുമാണെന്ന് ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
