
എറണാകുളം ● കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനെ യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും നിയുക്ത കാതോലിക്കായുമായ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ സന്ദർശിച്ച് ആശംസകൾ നേർന്നു. കേരളത്തിന്റെ പുതിയ ഗവർണറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സന്ദർശനമായിരുന്നു ഇത്.
പരിശുദ്ധ മോറാന്‍ മോര് ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ മാർച്ച് 25 ന് ലെബനോനിലെ സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിൽ നടക്കുന്ന അഭിവന്ദ്യ മോര് ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തായുടെ കാതോലിക്കാ വാഴ്ചയ്ക്കു ഗവർണർ ആശംസകൾ നേർന്നു.
മാർച്ച് 30 ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവാ നഗറില്‍ നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്കാ ബാവായെ അനുമോദിച്ച് സഭാ തലത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായി സംബന്ധിക്കുവാൻ ഗവർണറെ മലങ്കര മെത്രാപ്പോലീത്ത ക്ഷണം അറിയിച്ചു.
അഭിവന്ദ്യരായ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത, ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി ജേക്കബ്ബ് സി. മാത്യു, മോഹൻ വെട്ടത്ത് എന്നിവർ സന്നിഹിതരായിരുന്നു.




