
പീച്ചാനിക്കാട് ● അങ്കമാലി ഭദ്രാസനം അങ്കമാലി മേഖലയിലെ പീച്ചാനിക്കാട് സെന്റ് പീറ്റേഴ്സ് യാക്കോബായ കിഴക്കെ പുത്തൻപള്ളിയിൽ പള്ളിയുടെ 149-ാമത് ശിലാസ്ഥാപന പെരുന്നാളിനും പരിശുദ്ധനായ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ തിരുശേഷിപ്പ് സ്ഥാപന ഓർമ്മപെരുന്നാളിനും വികാരി വന്ദ്യ വർഗീസ് അരീയ്ക്കൽ കോർ എപ്പിസ്കോപ്പ കൊടി ഉയർത്തി.
സഹവികാരി ഫാ. എൽദോസ് വർക്കി തൈയ്ക്കാനത്ത്, ട്രസ്റ്റിമാരായ കെ.വി. വർഗീസ് കുരൻതാഴത്തുപറമ്പിൽ, ടി.വി. സാജു തേലപ്പിള്ളി, ജനറൽ കൺവീനർ ഷെവ. ജിബി പോൾ കൂരൻതാഴത്തുപറമ്പിൽ, ജോ. കൺവീനർ ജോയ് കെ.ഐ. കൂരൻ താഴത്തുപറമ്പിൽ എന്നിവർ സംബന്ധിച്ചു.
പെരുന്നാളിനോടനുബന്ധിച്ച് തിരുശേഷിപ്പ് സ്ഥാപന രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും, ജൂബിലി സ്മാരകമായി നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽദാനവും, സെന്റ് പീറ്റേഴ്സ് സിറിയൻ കൺവെൻഷനും, ഭക്തസംഘടനകളുടെ വാർഷികവും നടന്നു.
സെന്റ് പീറ്റേഴ്സ് സിറിയൻ കൺവെൻഷൻ കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പെരുന്നാൾ ദിവസങ്ങളിൽ രാവിലെ 7 ന് പ്രഭാത പ്രാർത്ഥന, 7.30 ന് വി. കുർബ്ബാന, വൈകിട്ട് 6.15 ന് സന്ധ്യാപ്രാർത്ഥന, 7 ന് ഗാനശുശ്രൂഷ തുടർന്ന് കൺവെൻഷൻ വചന സന്ദേശം എന്നിവ നടന്നു. സിറിയൻ കൺവെൻഷന് അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, ഫാ. ഗ്രിഗർ ആർ. കൊള്ളന്നൂർ, ഫാ. എബി വർക്കി എന്നിവർ വചന ശുശ്രൂഷ നിർവ്വഹിച്ചു.
പെരുന്നാൾ ദിവസമായ ഫെബ്രുവരി 8 ശനി വൈകിട്ട് 6 ന് പള്ളി ഉപകരണങ്ങൾ മേമ്പൂട്ടിൽ നിന്ന് ആഘോഷമായി ദൈവാലയത്തിലേക്ക് കൊണ്ടു വരുന്ന ചടങ്ങ് നടന്നു.
തുടർന്ന് 6.30 ന് അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥന നടന്നു. തുടർന്ന് നടന്ന തിരുശേഷിപ്പ് സ്ഥാപന രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും, ജൂബിലി സ്മാരകമായി നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽ സമർപ്പണവും റോജി എം. ജോൺ എം.എൽ.എ നിർവ്വഹിച്ചു. പ്രദക്ഷിണം, ആശിർവാദം എന്നിവ ഉണ്ടായിരുന്നു.
പ്രധാനപ്പെരുന്നാൾ ദിനമായ ഫെബ്രുവരി 9 ഞായർ രാവിലെ 6.15 ന് പ്രഭാത പ്രാർത്ഥന, 6.45 ന് വി. കുർബ്ബാന, 8.30 ന് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വി. കുർബ്ബാന, പ്രസംഗം എന്നിവ നടക്കും. തുടർന്ന് 10.30 ന് പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ തിരുശേഷിപ്പ് കബറിങ്കൽ സമർപ്പണ പ്രാർത്ഥന, 11 ന് ഉൽപ്പന്ന ലേലം, 11.30 ന് പ്രദക്ഷിണം, 12.15 ന് സമർപ്പണ പ്രാർത്ഥന ആശിർവ്വാദം, നേർച്ചസദ്യ, 1.30 ന് കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കും.
പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
