ബെർലിൻ ● ജർമ്മൻ സന്ദർശനത്തിനെത്തിയ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപനും, ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ജർമ്മൻ ഫെഡറൽ പ്രസിഡന്റ് ഫ്രാങ്ക്-വാൾട്ടർ സ്റ്റൈൻമയറുമായി കൂടിക്കാഴ്ച നടത്തി. ബെർലിനിലെ പ്രസിഡൻഷ്യൽ പാലസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
സിറിയയിലെ നിലവിലെ സാഹചര്യങ്ങൾ, അവിടുത്തെ ക്രൈസ്തവ സമൂഹങ്ങളുടെ സുരക്ഷയും ഭാവിയും, സുറിയാനി ഓർത്തഡോക്സ് സഭയുടെ ജന്മദേശത്തെ പ്രവർത്തനങ്ങളും ജർമ്മനിയിലെ വിശ്വാസിസമൂഹത്തിന്റെ ജീവിതവും കൂടിക്കാഴ്ചയിൽ ചർച്ചയായി. വർഷങ്ങളായി തുടരുന്ന യുദ്ധാനന്തര സാഹചര്യത്തിൽ സിറിയൻ ജനതയ്ക്ക് സുരക്ഷിതത്വവും ഫലപ്രദമായ സിവിൽ സംവിധാനങ്ങളും സാമ്പത്തിക പുരോഗതിക്കുള്ള അവസരങ്ങളും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഇരുവരും ചൂണ്ടിക്കാട്ടി. സിറിയയിലെ ക്രൈസ്തവ സാന്നിധ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കൂടിക്കാഴ്ചയിൽ ഊന്നിപ്പറഞ്ഞു.
ജർമ്മനിയിലെ പാത്രിയർക്കൽ വികാരി മോർ ഫിലക്സിനോസ് മത്തിയാസ് നയിസ് മെത്രാപ്പോലീത്ത, പാത്രിയർക്കൽ സെക്രട്ടറി മോർ ഓഗീൻ അൽ ഖൂരി നെയ്മത്ത് മെത്രാപ്പോലീത്ത, അതിരൂപതാ കൗൺസിൽ പ്രസിഡന്റുമാരായ ദാവൂദ് അസ്ലാൻ, ഡാനിയേൽ ഏലിയാസ്, രാഷ്ട്രീയ ഉപദേഷ്ടാവ് ഡേവിഡ് എർക്കാൽപ് എന്നിവർ പരിശുദ്ധ പാത്രിയർക്കീസ് ബാവായെ അനുഗമിച്ചു. കൂടിക്കാഴ്ചയുടെ സമാപനത്തിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവാ ജർമ്മൻ പ്രസിഡന്റിന് സുറിയാനി ഭാഷയിൽ എഴുതിയ കർത്തൃപ്രാർത്ഥന സമ്മാനമായി നൽകി. തുടർന്ന് പ്രസിഡൻഷ്യൽ പാലസിൽ സുറിയാനി ഭാഷയിൽ കർത്തൃപ്രാർത്ഥന ആലപിക്കുകയും ചെയ്തു.
ലോകമെമ്പാടുമായി ഏകദേശം 70 ഭദ്രാസനങ്ങൾക്ക് നേതൃത്വം നൽകുന്ന സുറിയാനി ഓർത്തഡോക്സ് സഭയിൽ ഏകദേശം 1.4 കോടി വിശ്വാസികളുണ്ട്. ഇതിൽ ഏകദേശം 1.20 ലക്ഷം പേർ ജർമ്മനിയിൽ താമസിക്കുന്നവരാണ്.






