
മലങ്കര മെത്രാപ്പോലീത്തായും നിയുക്ത കാതോലിക്കയുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ സർക്കുലർ :
കർത്താവിൽ പ്രിയരെ,
ബഹു. സുപ്രീം കോടതിയില്‍ നടക്കുന്ന കേസിന്റെ തുടര്‍ വാദങ്ങള്‍ ജനുവരി 29, 30 തീയതികളില്‍ നടക്കുന്നു എന്ന വിവരം അറിവുള്ളതാണല്ലോ. മുന്‍പ് വാദം നടന്ന സമയങ്ങളില്‍ നടത്തിയ അഖണ്ഢ പ്രാര്‍ത്ഥന സഭയ്ക്ക് അനുഗ്രഹമായതോര്‍ത്ത് ദൈവത്തെ സ്തുതിക്കുന്നതിനോടൊപ്പം പങ്കെടുത്ത എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു.
ദൈവമക്കളുടെ ഒരുമനപ്പെട്ട പ്രാര്‍ത്ഥന ഒന്നു കൊണ്ടു മാത്രമേ നമുക്ക് നീതിയും കരുണയുള്ളതുമായ ന്യായവിധിയിലൂടെ ഒരു ശാശ്വത സമാധാനം സാധ്യമാവുകയുളളൂ.
കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ ജനുവരി 27 തിങ്കള്‍ വൈകിട്ട് 6 മണി മുതല്‍ ജനുവരി 30 വ്യാഴാഴ്ച വൈകിട്ട് 6 മണി വരെ 72 മണിക്കൂര്‍ നീളുന്ന ഓണ്‍ലൈനിലൂടെയുള്ള ഒരു അഖണ്ഢ പ്രാര്‍ത്ഥന കൂടി ക്രമീകരിക്കുവാന്‍ ആഗ്രഹിക്കുന്നു. ആയതിന്റെ ക്രമീകരണങ്ങള്‍ അഖില മലങ്കര വൈദീക സെക്രട്ടറി ബഹു. ജോണ്‍ ഐപ്പ് മങ്ങാട്ട് കശ്ശീശാ നിങ്ങളെ അറിയിക്കുന്നതായിരിയ്ക്കും.
കൂടാതെ നമ്മുടെ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും പിതാക്കന്‍മാര്‍ കബറടങ്ങിയിട്ടുള്ള ദൈവാലയങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ ക്രമീകരിക്കുവാനും, ബഹുമാന്യരായ വൈദീകരും, സന്യസ്ഥരും, ഭക്ത സംഘടനകളും, വിശ്വാസികളും ഈ അഖണ്ഢ പ്രാര്‍ത്ഥനയിലും ദൈവാലയങ്ങളില്‍ നടത്തപ്പെടുന്ന പ്രത്യേക പ്രാര്‍ത്ഥനകളിലും പങ്കെടുത്ത് സഭയ്ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും 29-ാം തീയതി ബുധനാഴ്ച കഴിയുന്നിടത്തോളം നമ്മുടെ എല്ലാ ഇടവക ദൈവാലയങ്ങളിലും വി. കുര്‍ബ്ബാന അര്‍പ്പിച്ച് പ്രത്യേക പ്രാര്‍ത്ഥന നടത്തേണ്ടതുമാകുന്നു.
വ്യവഹാരങ്ങളും കലഹങ്ങളും ഒഴിഞ്ഞ് ഒരു നല്ല നാളേയ്ക്കായി നിങ്ങളേവരും ഈ അഖണ്ഢ പ്രാര്‍ത്ഥനയില്‍ ആത്മാര്‍ത്ഥതയോടെ പങ്കെടുത്തു സഭയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് കര്‍ത്തൃനാമത്തില്‍ ഉദ്‌ബോധിപ്പിക്കുന്നു.

