
കേളകം ● ഏഷ്യയിലെ ഏറ്റവും ദൈർഘ്യമേറിയ കാൽനട തീർത്ഥയാത്രയായ മഞ്ഞിനിക്കര പദയാത്രയ്ക്ക് കണ്ണൂർ ജില്ലയിലെ കേളകം സെന്റ് മേരീസ് സൂനോറോ യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും തുടക്കമായി. ജനുവരി 27 ന് രാവിലെ 5 മണിക്ക് പ്രാർത്ഥനയോടെ ആരംഭിച്ച തീർത്ഥയാത്ര 12 ദിവസം കൊണ്ടു വിവിധ ജില്ലകളിലൂടെ കടന്ന് 450 കിലോമീറ്റർ നടന്ന് ഫെബ്രുവരി 7 ന് ‘മഞ്ഞിനിക്കരയുടെ അസ്തമിക്കാത്ത സൂര്യൻ’ എന്നറിയപ്പെടുന്ന പരിശുദ്ധ മോറാൻ മോർ ഇന്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ കബറിടത്തിൽ എത്തിച്ചേരും.
പരിശുദ്ധ മോറാനേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ എന്ന പ്രാർത്ഥനകളുമായി ആയിരകണക്കിന് വിശ്വാസികളാണ് വരും ദിവസങ്ങളിൽ ഈ കാൽനട യാത്രയോട് ചേർന്ന് മഞ്ഞിനിക്കരയിലേക്ക് ഒഴുകുന്നത്. അതുപോലെ വിവിധ മേഖലകളിൽ നിന്നും കാൽനടയായി ആയിരക്കണക്കിന് വിശ്വാസികൾ കബർ ലക്ഷ്യമാക്കി എത്തിച്ചേരും.
പരിശുദ്ധ പത്രോസിന്റെ പിൻഗാമിയായി ആഗോള സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായിരുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവ 93 വർഷങ്ങൾക്കു മുമ്പ് ഭാരതത്തിലേക്ക് എഴുന്നള്ളിയത് മലങ്കര സഭയുടെ സമാധാനത്തിനായിട്ടാണ്. തന്റെ ആടുകളുടെ സമാധാനത്തിനായി സ്വന്തം അസ്ഥികളെ മലങ്കര സുറിയാനി സഭക്ക് നൽകിയ പരിശുദ്ധ ബാവായുടെ മദ്ധ്യസ്ഥതയാലും പ്രത്യേകാൽ കാൽനടയായുള്ള പ്രാർത്ഥനയാലും അനേകം വിശ്വാസികളാണ് അനുഗ്രഹം പ്രാപിക്കുന്നത്.
പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവയുടെ 93-ാമത് ദുഃഖ്റോനൊ ഫെബ്രുവരി 2 മുതൽ 8 വരെ അഭിവന്ദ്യ പിതാക്കന്മാരുടെ കാർമികത്വത്തിൽ മഞ്ഞിനിക്കര ദയറായിൽ വിപുലമായ പരിപാടികളോടെ ഭക്ത്യാദരപൂർവ്വം കൊണ്ടാടും.

