
ആരക്കുന്നം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് യൂത്ത് അസ്സോസിയേഷന്റെ യുവജനവാരാചരണത്തിന് ദേശീയ തലത്തിൽ തുടക്കം കുറിച്ചു കൊണ്ട് കൊച്ചി ഭദ്രാസനത്തിലെ ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയ പള്ളിയിൽ വച്ച് ജനുവരി 26 ഞായറാഴ്ച ജെ.എസ്.ഒ.വൈ.എ ദേശീയ പ്രസിഡന്റ് അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത പതാക ഉയർത്തി ഉദ്ഘാടനം നിർവ്വഹിച്ചു. പരിശുദ്ധ സഭയിലെ വിവിധ പള്ളികളിലും യുവജന വാരാചരണത്തിന് തുടക്കം കുറിച്ചു കൊണ്ട് പതാക ഉയർത്തൽ നടന്നു. തുടർന്ന് യൂത്ത് സൺഡേ ആചരിച്ചു.
ഒരാഴ്ച നീണ്ടു നിൽക്കുന്ന യുവജന വാരാചരണത്തിന്റെ ഭാഗമായി പരിശുദ്ധ സഭയിലെ ദൈവാലയവും പരിസരവും പൊതുയിടങ്ങളും ശുചീകരിക്കുക, ആദ്ധ്യാത്മിക പ്രവർത്തനങ്ങളിൽ പങ്കാളികളാകുക, ഇടവക തലത്തിൽ സന്നദ്ധപ്രവർത്തനങ്ങൾക്ക് താല്പര്യമുള്ള വ്യക്തികളെ കണ്ടെത്തി പ്രകൃതി ദുരന്ത മുഖത്ത് പ്രവർത്തിക്കാൻ സന്നദ്ധ സേന രൂപികരിക്കുക, കിടപ്പ് രോഗികൾക്കും, അവശത അനുഭവിക്കുന്നവർക്കും വേണ്ടി ഇടവക തലത്തിൽ പാലിയേറ്റിവ് കെയർ യൂണിറ്റ് പ്രവർത്തനങ്ങൾ ആരംഭിക്കുക, ഈ കാലഘട്ടത്തിൽ നടന്നു കൊണ്ടിരിക്കുന്ന സൈബർ തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ ഇടവക തലങ്ങളിൽ ബോധവൽക്കരണവും, അനുബന്ധ സെമിനാറുകളും സംഘടിപ്പിക്കുക, ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ക്ലാസുകൾ, ക്യാമ്പയിനുകൾ, റാലികൾ, കൂട്ടയോട്ടം തുടങ്ങിയവ സംഘടിപ്പിക്കുക, സാധുജന സംരക്ഷണ പ്രവർത്തനങ്ങൾ ഊർജ്ജ്വസ്വലമാക്കുക, അർഹരായവർക്ക് വിദ്യാഭ്യാസ – ആരോഗ്യ ചികിത്സാ സഹായങ്ങൾ നൽകുക, തെരുവോര ഭക്ഷണ വിതരണം (പൊതിച്ചോറ്) നടത്തുക, ആശുപത്രികൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവ സന്ദർശിച്ചു ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുക, ഭക്ഷ്യ – പലചരക്കു സാധനങ്ങൾ സംഭാവന ചെയ്യുക, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പലചരക്കു കിറ്റ് വിതരണം ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ മലങ്കരയിലെ വിവിധ യൂത്ത് അസ്സോസിയേഷൻ യൂണിറ്റ്/ മേഖല അടിസ്ഥാനത്തിൽ നടത്തപ്പെടും.
യുവജന വാരാഘോഷത്തിന്റെ ഭാഗമായി ഇടവകയിലെ എല്ലാ യുവജനങ്ങളെയും ഉൾപ്പെടുത്തി യൂണിറ്റ് അടിസ്ഥാനത്തിൽ കലാ-കായിക-സാഹിത്യ-വിനോദ മത്സരങ്ങൾ സംഘടിപ്പിക്കും.
കൊച്ചി ഭദ്രാസന യൂത്ത് അസ്സോസിയേഷൻ വൈദിക പ്രസിഡന്റ് ഫാ. സോജൻ പട്ടശ്ശേരിൽ, ആരക്കുന്നം വലിയ പള്ളി വികാരി ഫാ. ഷാജി മാമൂട്ടിൽ, ഫാ.റോണി രാജൻ, ജെ.എസ്.ഒ.വൈ.എ ദേശീയ ജനറൽ സെക്രട്ടറി കെ.സി പോൾ കൂരൻ, ജോയിന്റ് സെക്രട്ടറി എൽദോസ് പി. ഏലിയാസ് പാലത്തിങ്കൽ, കണ്ടനാട് ഭദ്രാസന സെക്രട്ടറി ദീപു കുര്യാക്കോസ്, കൊച്ചി ഭദ്രാസന സെക്രട്ടറി സോബിൻ യോഹന്നാൻ, ദേശീയ കമ്മിറ്റി അംഗങ്ങൾ ആയ ജെയ്‌സ് ഐസക്, അനീഷ് വർക്കിച്ചൻ, ആരക്കുന്നം പള്ളി ട്രസ്റ്റിമാരായ ഗ്ളീസൺ ബേബി, ബോബി ഫിലിപ്പ്, ആരക്കുന്നം യൂത്ത് അസ്സോസിയേഷൻ സെക്രട്ടറി അനിൽ ജോർജ് എന്നിവർ സംസാരിച്ചു.
