പുത്തൻകുരിശ് ● സഭാ തർക്കം നിലനിൽക്കുന്ന കട്ടച്ചിറ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട 16 വയസ്സുള്ള ബേസിൽ എന്ന വിദ്യാർത്ഥിയുടെ മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ട് പിഞ്ചുകുട്ടികളെയും സ്ത്രീകളെയും ഉൾപ്പെടെ മർദ്ദിച്ചത് തികഞ്ഞ മനുഷ്യാവകാശ ധ്വംസനമാണെന്ന് യാക്കോബായ സുറിയാനി സഭ മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.
കട്ടച്ചിറയിൽ യാക്കോബായ സുറിയാനി പള്ളിയിൽ 125 യാക്കോബായ കുടുംബങ്ങളും എട്ട് ഓർത്തഡോക്സ് കുടുംബങ്ങളുമാണുള്ളത്. 2017-ലെ സുപ്രീം കോടതി വിധിയെ തുടർന്നും, 2018-ൽ പ്രസ്തുത വിധി ഈ പള്ളിക്കും ബാധകമാണെന്ന വിധിയെ തുടർന്നും, ഓർത്തഡോക്സ് വിഭാഗം കേരള ഹൈക്കോടതിയിൽ നൽകിയ പോലീസ് പ്രൊട്ടക്ഷൻ ഹർജിയിൽ സംരക്ഷണം അനുവദിച്ചില്ല. കൂടാതെ WPC 33282/18 കേസിൽ മാർച്ച് 13-ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, നിയമാനുസൃത തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ ഹൈക്കോടതി നിയോഗിച്ച ഇടവക ട്രസ്റ്റി അലക്സ് എം. ജോർജിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് തുടരാമെന്നും ഭൂരിപക്ഷ ഇടവകാംഗങ്ങളെ പള്ളിയിൽ നിന്ന് പുറത്താക്കാൻ കഴിയില്ലെന്നും വിധിച്ചിരുന്നു.
എന്നാൽ ആ വിധിയിൽ സംതൃപ്തരാകാത്ത ഓർത്തഡോക്സ് വിഭാഗം, യാതൊരുവിധ നിയമാനുസൃത കൈമാറ്റമോ എക്സിക്യൂഷൻ നടപടികളോ ഇല്ലാതെ ഒരു വലിയസംഘം ആളുകളും ആയി വന്നു പള്ളിയുടെ ഗേറ്റുകൾ തല്ലി തകർക്കുകയും വാതിലുകൾ ചവിട്ടി പൊളിക്കുകയും ചെയ്തു. തുടർന്ന് യാക്കോബായ വിശ്വാസികളുടെ ആരാധനോപകരണങ്ങളും ആരാധനയ്ക്ക് ഉപയോഗിക്കുന്ന അംശവസ്ത്രങ്ങളും നശിപ്പിക്കുകയും പിതാക്കന്മാരുടെ ചിത്രങ്ങൾ നീക്കം ചെയ്യുകയും ചെയ്തു.
ഇതിനെതിരെ ഇടവക ട്രസ്റ്റി അലക്സ് എം. ജോർജ് ബഹു കേരള ഹൈക്കോടതിയിൽ നൽകിയ WPC 33282/18 ഹർജി, ഇത് 1/19 ആയി നൽകിയ ഉപഹർജിയിൽ പള്ളിയുടെയും ഗേറ്റിന്റെയും താക്കോലുകൾ ആലപ്പുഴ ജില്ലാ കളക്ടറോ അദ്ദേഹത്തിന്റെ നോമിനിയോ ട്രസ്റ്റി അലക്സ് എം. ജോർജിന് കൈമാറണമെന്ന് വിധി നിലനിൽക്കുമ്പോൾ തന്നെ, നിരവധി മൃതദേഹ സംസ്കാരങ്ങൾ ഓർത്തഡോക്സ് വിഭാഗം പോലീസിന് ഉപയോഗിച്ച് തടയുകയും അങ്ങനെ ദിവസങ്ങളോളം മൃതദേഹം സംസ്കരിക്കാനാകാതെ ഭവനത്തിൽ സൂക്ഷിക്കുന്ന ദുഃഖകരവും വേദനാജനകവും ആയ അവസ്ഥയുണ്ടായപ്പോൾ സഭയുടെയും ഇടവകയുടെയും ശക്തമായ പോരാട്ടത്തിനൊടുവിൽ കേരള ഗവൺമെന്റ് സെമിത്തേരി ബില്ല് പുറപ്പെടുവിച്ചതിനെ തുടർന്ന് മൃതദേഹ സംസ്കാരം നടന്നു പോകുകയാണ്.
ഇടവകാംഗവും, മദ്ബഹാ ശുശ്രൂഷകനുമായിരുന്ന 16-കാരനായ ബേസിൽ എന്ന വിദ്യാർത്ഥിയുടെ ശവസംസ്കാര കർമ്മങ്ങളെല്ലാം പുറത്തുവച്ച് പൂർത്തിയാക്കി പെട്ടി അടച്ച് മൃതദേഹത്തെ അനുധാവനം ചെയ്ത ഇടവകാംഗവും ബന്ധുവുമായ വൈദികനെ പോലീസ്, വസ്ത്രത്തിൽ പിടിച്ചു വലിക്കുകയും മർദ്ദിക്കുകയും ചെയ്തപ്പോഴാണ് സംഘർഷം ഉടലെടുത്തത്. ഇടവകാംഗങ്ങളെ തടയാനോ ഇടവകാംഗങ്ങളുടെ സംസ്കാരം തടസ്സപ്പെടുത്തുവാനോ ബന്ധുവായ വൈദികർക്ക് പ്രവേശിക്കുവാനോ നിയമപരമായ തടസ്സമൊന്നും ഇല്ലാതിരിക്കെ, സെമിത്തേരി ബില്ലിലെ മൂന്നാമത്തെ ക്ലോസിന്റെ നഗ്നമായ ലംഘനമാണ് കട്ടച്ചിറയിൽ നടന്നത്.
പ്രത്യക്ഷത്തിൽ ഓർത്തഡോക്സ് വിഭാഗം തടയുവാൻ ഇല്ലായിരുന്നുവെങ്കിലും അവരുടെ പിൻബലത്തോട് കൂടി പോലീസ് തടയുകയും നാടകീയമായ രംഗങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ട് മനുഷ്യത്വരഹിതമായ പ്രസ്താവനകൾ ഇറക്കി പൊതുസമൂഹത്തെ ദുഷിപ്പിക്കുന്ന നിലപാടാണ് ഓർത്തഡോക്സ് വിഭാഗം സ്വീകരിക്കുന്നത്. വലിയൊരു ജനാവലിയുമായി ഒരു ബാലന്റെ മൃതദേഹം സംസ്കരിക്കാൻ വന്ന സാഹചര്യത്തിൽ, അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ആവശ്യമെങ്കിൽ ഈ കാര്യം മേൽ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യുകയോ കേസെടുക്കുകയോ ചെയ്യാതെ ഈ ആൾക്കൂട്ടത്തിനിടയിലേക്ക് വന്ന് കുട്ടികളെയും സ്ത്രീജനങ്ങളെയും വൈദികരെയും ഉൾപ്പെടെ മർദ്ദിക്കുവാൻ ശ്രമിച്ചതാണ് ഈ പ്രശ്നങ്ങൾക്ക് കാരണമായിട്ടുള്ളത്.
സംഭവത്തിന് പിന്നിൽ ദുരൂഹതയും ഗൂഢാലോചനയും ഉണ്ടെന്ന സംശയം ഉയരുന്ന സാഹചര്യത്തിൽ, ബഹുമാനപ്പെട്ട അധികാരികൾ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യാക്കോബായ സുറിയാനി സഭ ആവശ്യപ്പെട്ടു.
ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത (മീഡിയാ സെൽ ചെയർമാൻ)
പുത്തൻകുരിശ് പാത്രിയർക്കാസെൻ്റർ
08/04/2026

