നെടുമ്പാശ്ശേരി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ മുതിർന്ന ദയറാ പുരോഹിതനായ വന്ദ്യ സഖറിയ ആലുക്കൽ റമ്പാൻ പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ. അങ്കമാലി ഭദ്രാസനത്തിലെ ചെറിയ വാപ്പാലശ്ശേരി മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ്. 1943 മെയ് 7-ന് ജനിച്ച വന്ദ്യ റമ്പാച്ചൻ 1976 ഏപ്രിൽ 10-നാണ് തോമസ് മോർ ദിവന്നാസിയോസ് (പുണ്യശ്ലോകനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ) മെത്രാപ്പോലീത്തയിൽ നിന്ന് വൈദിക പട്ടം സ്വീകരിച്ചത്.
അകപ്പറമ്പ്, പറവൂർ, ആലുവ, കരയാംപറമ്പ്, മേയ്ക്കാട്, നെടുമ്പാശ്ശേരി, നായത്തോട്, തവളപ്പാറ, തുരുത്തിശ്ശേരി, തിരുവിലാംകുന്ന് പള്ളികളിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുരുത്തിശ്ശേരി അസ്സോസിയേഷൻ്റെ ഓഫീസ് ചുമതലകളും നിർവഹിച്ചിട്ടുണ്ട്. 2008-ൽ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ റമ്പാൻ സ്ഥാനം നൽകി.
സുപ്രസിദ്ധ സുവിശേഷകനും ധ്യാനഗുരുവും കാഥികനും എഴുത്തുകാരനുമായ അദ്ദേഹം, തന്മയത്വമാർന്ന നർമ്മസംഭാഷണങ്ങളിലൂടെയും വിനയപൂർണ്ണമായ പെരുമാറ്റത്തിലൂടെയും സഭയ്ക്കകത്തും പുറത്തും ഒരുപോലെ ശ്രദ്ധേയനാണ്. ലളിതമായ സന്യാസജീവിതം നയിക്കുന്ന അദ്ദേഹം ഇപ്പോൾ തുരുത്തിശ്ശേരിയിലെ ഗാർഡിയൻ ഏയ്ഞ്ചൽ പീസ് മിഷൻ സെന്ററിൽ വിശ്രമ ജീവിതം നയിക്കുന്നു.
ജൂബിലി ദിനമായ ഇന്ന് (ഏപ്രിൽ 10)പീസ് മിഷൻ സെന്ററിൽ പ്രത്യേക പ്രാർഥനകൾക്ക് ശേഷം അന്തേവാസികളോടൊപ്പം ഭക്ഷണം കഴിച്ച് ലഘുവായി സുവർണ്ണ ജൂബിലി ആഘോഷിച്ചു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവക പള്ളിയായ ചെറിയ വാപ്പാലശ്ശേരി പള്ളിയിൽ ഏപ്രിൽ 12 ഞായറാഴ്ച വിശുദ്ധ കുർബ്ബാനയ്ക്കുശേഷം അനുമോദന യോഗവും സ്നേഹവിരുന്നും ഉണ്ടാകും.
