സുൽത്താൻ ബത്തേരി ● പുനർനിർമ്മിച്ച തോട്ടാമൂല സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ ഫെബ്രുവരി 6, 7, 8 (വെള്ളി, ശനി, ഞായര്‍) തീയതികളിലായി നടക്കും. മോർ കുര്യാക്കോസ് സഹദായുടെ നാമധേയത്തിലുള്ള മലബാറിലെ ഏക ദൈവാലയമാണിത്.
മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ സ്തേഫാനോസ് ഗീവർഗ്ഗീസ് മെത്രാപ്പോലീത്ത, അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോര് അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത, കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്ത എന്നിവർ കൂദാശ കർമ്മങ്ങൾക്ക് മുഖ്യകാര്‍മികത്വം വഹിക്കും.
ഫെബ്രുവരി 6 വെള്ളിയാഴ്ച വൈകിട്ട് 4.30-ന് അഭിവന്ദ്യ മെത്രാപ്പോലീത്തമാർക്ക് സ്വീകരണം നൽകും. തുടർന്ന് കൊടിമര സമർപ്പണവും, ചാത്തുരുത്തിയിൽ പരിശുദ്ധ ഗീവർഗ്ഗീസ് മോര് ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തിലുള്ള കല്‍കുരിശ് കൂദാശയും നടക്കും. വൈകിട്ട് 6 മണിക്ക് അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെ കാർമികത്വത്തിൽ ദൈവാലയത്തിന്റെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശയും തുടർന്ന് ആദരിക്കൽ ചടങ്ങും സ്നേഹവിരുന്നും നടക്കും.
ഫെബ്രുവരി 7 ശനിയാഴ്ച രാവിലെ 8.30-ന് അഭിവന്ദ്യ പിതാക്കന്മാരുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാനയും തുടർന്ന് മധ്യസ്ഥ പ്രാർത്ഥനയും നേർച്ചസദ്യയും ഉണ്ടാകും.
ഫെബ്രുവരി 8 ഞായറാഴ്ച രാവിലെ 8-ന് വിശുദ്ധ കുര്‍ബ്ബാനയും മധ്യസ്ഥ പ്രാർത്ഥനയും തുടർന്ന് നേർച്ചയും നടത്തപ്പെടും 12 മണിക്ക് കൊടിയിറക്കോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
വികാരിയും നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാനുമായ ഫാ. എൽദോ ചീരകത്തോട്ടത്തിൽ, ട്രസ്റ്റി വർഗ്ഗീസ് കെ.യു. കാവുംമോളയിൽ, സെക്രട്ടറി ജെയ്മോൻ കുന്നത്ത്, നിർമ്മാണ കമ്മിറ്റി കൺവീനർ ജോർജ്ജ് കെ.യു. കോലഞ്ചേരി, നിർമ്മാണ കമ്മിറ്റി സെക്രട്ടറി ജിജിൽ മാത്യു പാമ്പാക്കുടച്ചാലിൽ, കൂദാശ പബ്ലിസിറ്റി കൺവീനർ റെജി എരങ്ങോത്ത്, കൂദാശ ജനറൽ കൺവീനർ ജോണി മറ്റത്തിൽ എന്നിവർ നേതൃത്വം നൽകും.
