നീറാംമുകൾ ● പള്ളികളിലെ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന അമിത ധൂർത്തും അപകടകരമായ കരിമരുന്ന് പ്രയോഗങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഇത്തരം ആഘോഷങ്ങൾക്ക് ചെലവഴിക്കപ്പെടുന്ന വൻതുകകൾ കാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാൻ വിശ്വാസികൾ തയ്യാറാകണമെന്നും ബാവ ആവശ്യപ്പെട്ടു. നീറാംമുകൾ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ പ്രധാനപ്പെരുന്നാൾ ദിനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബാവ.
മിതമായ രീതിയിലുള്ള ആഘോഷങ്ങൾ ആകാമെങ്കിലും, ആരാധനാലയങ്ങളുടെ ആത്മീയ അന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള അമിതാഘോഷങ്ങളും ധൂർത്തും നിയന്ത്രിക്കപ്പെടേണ്ടതുണ്ടെന്ന് ബാവ വ്യക്തമാക്കി.
കതിന ഉൾപ്പെടെയുള്ള അപകടകരമായ കരിമരുന്ന് പ്രയോഗങ്ങൾ പൂർണ്ണമായും ഒഴിവാക്കണം. അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നതും ധൂർത്ത് നിറഞ്ഞതുമായ ഇത്തരം പ്രവണതകളോട് യോജിക്കാനാവില്ലെന്നും സഭയുടെയോ ഇടവകയുടെയോ വിഭവങ്ങൾ അനാവശ്യമായി ചെലവഴിക്കരുതെന്നും ശ്രേഷ്ഠ ബാവ ഓർമ്മിപ്പിച്ചു.
ആരാധനയും അതിലൂടെ സ്വാംശീകരിക്കുന്ന ആദ്ധ്യാമികതയും ജീവിതത്തിൽ ആരാധനയായി തുടരുന്ന പ്രക്രിയയാണ് യഥാർത്ഥത്തിലുള്ള ആത്മീയത. പള്ളിയിലെ ആരാധനയിലൂടെ കൈവരിക്കുന്ന ആത്മീയത വീടുകളിലും ജോലിസ്ഥലങ്ങളിലും കൃഷിയിടങ്ങളിലും ഉൾപ്പെടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രതിഫലിക്കുമ്പോഴാണ് ക്രൈസ്തവ ദൗത്യം പൂർണ്ണതയിലേക്കെത്തുന്നത്.
പുതിയ തലമുറ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുടെയും കാതടപ്പിക്കുന്ന ശബ്ദങ്ങളുടെയും പിന്നാലെയാണ് പോകുന്നതെന്നും, എന്നാൽ ഇത്തരം ബാഹ്യപ്രകടനങ്ങൾ മനസ്സിന്റെ സ്വസ്ഥതയെയും ആത്മീയതയെയും എത്രമാത്രം ബാധിക്കുന്നുവെന്ന് വിശ്വാസസമൂഹം ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും ശ്രേഷ്ഠ ബാവ ചൂണ്ടിക്കാട്ടി.
പള്ളികളിലെ ആഘോഷങ്ങൾ ലൈറ്റ് ഷോകളിലേക്കും ബാഹ്യമായ കണ്ണുകളെ മാത്രം ആകർഷിക്കുന്ന അലങ്കാരങ്ങളിലേക്കും ചുരുങ്ങി, ഇന്നത്തെ തലമുറയുടെ റീൽസുകളുടെയും സോഷ്യൽ മീഡിയ പ്രദർശനങ്ങളുടെയും ഉള്ളടക്കമായി മാറുന്ന ഈ കാലഘട്ടത്തിൽ, യഥാർത്ഥ ആത്മീയത കൈമോശം വരാതെ സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു.
ആയിരിക്കുന്ന അവസ്ഥയിൽ നിന്നും ആയിരിക്കേണ്ടുന്ന ഉന്നതമായ അവസ്ഥയിലേക്കുള്ള തീർത്ഥാടനമാകണം ആത്മീയയാത്ര. സേവനത്തിന്റെ മികവിലൂടെ നമ്മുടെ ദൈവാലയങ്ങൾ ലോകത്തിന് മാതൃകയാകണമെന്നും ശ്രേഷ്ഠ ബാവ സന്ദേശം നൽകി
കാതോലിക്ക സ്ഥാനാരോഹണത്തിന് ശേഷം ആദ്യമായി ദൈവാലയത്തിലേക്ക് എഴുന്നള്ളിയെത്തിയ ശ്രേഷ്ഠ ബാവായ്ക്ക് ഇടവക സ്നേഹോജ്ജ്വലമായ സ്വീകരണം നൽകി. തുടർന്ന് വി. മൂന്നിന്മേൽ കുർബ്ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ബാവ മുഖ്യ കാർമികത്വം വഹിച്ചു. ഇടവക ഭരണസമിതിയുടെയും യൂത്ത് അസ്സോസിയേഷൻ്റെയും സ്നേഹോപകാരം ശ്രേഷ്ഠ ബാവായ്ക്ക് സമർപ്പിച്ചു. അമ്മവീട് ഭവന പദ്ധതിയുടെ ഭാഗമായി മൂന്നര വർഷത്തിനിടെ ഈ ദൈവാലയം ഏഴ് ഭവനങ്ങൾ പൂർത്തീകരിക്കുകയും എട്ടാമത്തെ ഭവനത്തിന്റെ നിർമാണം പുരോഗമിക്കുകയും ചെയ്യുന്നതായി ശ്രേഷ്ഠ ബാവ പ്രശംസിച്ചു. ഇടവക നിർമിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽദാനവും ബാവ നിർവഹിച്ചു.
പെരുന്നാളിനോട് അനുബന്ധിച്ച് പരിശുദ്ധ പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയുടെയും, പരിശുദ്ധ
ചാത്തുരുത്തിൽ ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപന സ്മരണയും വി. ദൈവമാതാവിൻ്റെ ഓർമ്മപ്പെരുന്നാളും കൊണ്ടാടി. പെരുന്നാൾ ശുശ്രൂഷകൾക്ക് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത, മൈലാപ്പൂർ – ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത എന്നിവർ കാർമികത്വം വഹിച്ചു.
നിനുവെ കൺവെൻഷനും കുടുംബ യൂണിറ്റ്, സൺഡേ സ്കൂൾ- ഭക്ത സംഘടനകളുടെ സംയുക്ത വാർഷികവും കലാപരിപാടികളും ദേശം ചുറ്റിയുള്ള പ്രദക്ഷിണവും നേർച്ച സദ്യയും നടന്നു.
വികാരി ഫാ. ഡോ. തോമസ് ബാബു കൊച്ചുപറമ്പിൽ, സഹവികാരി ഫാ. ജോയി പാറനാൽ, ട്രസ്റ്റിമാരായ കെ.എസ് പൗലോസ് കോനാട്ട്, റെജി പോൾ കലിയത്തുകുഴിയിൽ, സെക്രട്ടറി റോയി സി. കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.



