മുളന്തുരുത്തി ● സമാധാനത്തിനും അനുരഞ്ജനത്തിനും സാധ്യമായ എല്ലാ ശ്രമങ്ങളും നാം നടത്തണമെന്നു പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ. മുളന്തുരുത്തി മാർത്തോമ്മൻ യാക്കോബായ കത്തീഡ്രലിൽ പരിശുദ്ധ ചാത്തുരുത്തിൽ ഗീവർഗീസ് മോർ ഗ്രിഗോറിയോസിന്റെ (പരുമല തിരുമേനി) 125-ാം ഓർമ പ്പെരുന്നാളിന്റെ ഭാഗമായി നടത്തുന്ന ഒരു വർഷത്തെ ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ബാവാ. മലങ്കര സഭയിലെ ആദ്യത്തെ വിശുദ്ധനായ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് ആഗോള സുറിയാനി സഭയുടെയും വിശുദ്ധനാണെന്നു ബാവ പറഞ്ഞു.
വിശ്വാസികൾ പലയിടത്തും ബുദ്ധിമുട്ടുകളും ദുരിതങ്ങളും നേരിടുന്ന സാഹചര്യത്തിൽ സഭ യിൽ സമാധാനവും ഐക്യവും വളർത്തുന്നതിന് ഒരുമിച്ചു പ്രവർത്തിക്കണം. സർക്കാരുകളും സഭാ നേതാക്കളും നടത്തുന്ന ശ്രമങ്ങൾ എല്ലാവർക്കും നീതി യും അന്തസ്സും ഉറപ്പാക്കുന്ന പരിഹാരത്തിലേക്ക് നയിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. മാർ തോമസ് അദ് മുമാർ അഷോദ് മനറ്റ്സകന്യൻ, മാർ യെസ്സായി ഹൈഗസുൻ അഷ്കാറിയൻ തുടങ്ങിയവരും ആഗോള സഭയെ പ്രതിനിധീകരിച്ചെത്തിയ ബിഷപ്പുമാരും സഭയിലെ മെത്രാപ്പൊലീത്തമാരും ചടങ്ങിൽ പങ്കെടുത്തു.
സഭയുടെ വെബ്സൈറ്റ് ഉദ്ഘാടനവും എൽഡർ ഫോറം ലോഗോ പ്രകാശനവും മുളന്തുരുത്തി സുന്നഹദോസിനെക്കുറിച്ചു ബിബി ഏബ്രഹാം കടവുംഭാഗം, ബിജു കുര്യൻ കളമ്പുകാട്ട്, തോമസ് ദാനിയേൽ കരിമ്പനയ്ക്കൽ എന്നിവർ ചേർന്നു തയാറാക്കിയ പുസ്തകത്തിന്റെ പ്രകാശനവും പാത്രിയർക്കീസ് ബാവ നിർവഹിച്ചു.
തുടർന്നു മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാ ഘോഷത്തോടനുബന്ധിച്ചു പള്ളിയോടു ചേർന്നുള്ള ഹാളിൽ സഭയുടെ ആഗോള എപ്പിസ്കോപ്പൽ സുന്നഹദോസും സഭാ വർക്കിങ് കമ്മിറ്റി-മാനേജിങ് കമ്മിറ്റി യോഗങ്ങളും നടന്നു.