പുത്തൻകുരിശ് ● ആത്മീയത തുളുമ്പുന്ന അലൗകികാന്തരീക്ഷത്തിൽ ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി പുത്തൻകുരിശിൽ വിശുദ്ധ മൂറോൻ കൂദാശ ശുശ്രൂഷകൾ പൂർത്തിയായി. ജാതിയുടെയോ, വർണത്തിന്റെയോ ദേശത്തിന്റെയോ വ്യത്യാസമില്ലാതെ ഈ തൈലം വിശുദ്ധമായിരിക്കുന്നുവെന്ന് ചടങ്ങുകൾക്ക് നേതൃത്വം നൽകിയ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ പ്രഖ്യാപിച്ചു.
രാവിലെ പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിനു മുൻപിൽ പ്രത്യേകം തയ്യാറാക്കിയ മദ്ബഹയിലേക്ക് വിശുദ്ധ തൈലം എത്തിച്ചു. തുടർന്ന് ഏഴരയോടെ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയെയും ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവയെയും പാത്രിയർക്കീസ് ബാവയുടെ പ്രതിനിധികളായെത്തിയ മെത്രാപ്പോലീത്തമാരെയും സഭയിലെ മെത്രാപ്പോലീത്തമാരെയും വൈദികരും സഭാ അൽമായ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവരും ചേർന്ന് വി. മദ്ബഹയിലേക്ക് ആനയിച്ചു.
തുടർന്ന് പ്രാർഥനയോടെ ശുശ്രൂഷകൾ തുടങ്ങി. രണ്ടാമത്തെ പ്രദക്ഷിണം ഒൻപതു മണിയോടെ തുടങ്ങി. വെളുത്ത വസ്ത്രം കൊണ്ടു നിർമിച്ച കൂബ്സയെന്ന കൂടാരത്തിനുള്ളിൽ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ വിശുദ്ധ മൂറോൻ തൈലവും പിടിച്ചു കൊണ്ട് പ്രദക്ഷിണത്തിനിറങ്ങി. പിന്നീട് പ്രദക്ഷിണം പള്ളിയുടെ ഓരോ വശത്തുമെത്തുമ്പോൾ മൂറോൻ കൂദാശയുടെ മാനീസോ പൂർത്തിയാക്കി തിരികെ മദ്ബഹയിൽ പ്രവേശിച്ചു.
ശുശ്രൂഷയുടെ രണ്ടാംഘട്ടത്തിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവയോടൊപ്പം 12 ശെമ്മാശ്ശന്മാരും 12 കശ്ശീശമാരും ശ്രേഷ്ഠ ബാവയും മെത്രാപ്പോലിത്തമാരും മദ്ബഹായിൽ പ്രാർഥന നടത്തി. പാത്രിയർക്കീസ് ബാവ ശോശപ്പ ഉയർത്തുന്നതോടെ കോറൂസോ ചൊല്ലി ജനത്തിനു മേൽ അനുഗ്രഹം ചൊരിഞ്ഞ് സ്ലീബ ഉയർത്തി. തൈല ഭരണികൾക്കുമേൽ കൈകൾവെച്ച് മൂന്നുവട്ടം പ്രാർഥിച്ചു. പിന്നീട് പാത്രിയർക്കീസ് ബാവ മൂറോൻ പാത്രം എടുത്ത് കുരിശാകൃതിയിൽ ഉയർത്തി മാനീസോ ചൊല്ലി പ്രാർഥിച്ചു. ഇതോടെ 11 മണിക്ക് മുറോൻ കൂദാശാ ശുശ്രൂഷകൾക്ക് പരിസമാപ്തിയായി.
പിന്നീട് പരിശുദ്ധ പാത്രിയർക്കീസ് ബാവ വിശ്വാസികൾക്കും വൈദികർക്കും കൂടെയെത്തിയവർക്കും നന്ദിപറഞ്ഞു. പിന്നീട് പാത്രിയർക്കാ പ്രതിനിധികളായെത്തിയ മെത്രാപ്പോലീത്തമാർ ആശംസകളറിയിച്ചു. വിശുദ്ധ കുർബാനയോടെ 11.45-ന് ചടങ്ങുകൾ അവസാനിച്ചു.