▪സഭയ്ക്കും പരിശുദ്ധ സിംഹാസനത്തിനുമായി ജീവിതം സമർപ്പിച്ച ഇടയശ്രേഷ്ഠനായിരുന്നു ബാവാ: ശ്രേഷ്ഠ കാതോലിക്ക ബാവ
പുത്തൻകുരിശ് ● സഭയ്ക്കും സഭയുടെ വിശ്വാസത്തിനും പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിനുമായി ജീവിതം സമർപ്പിച്ച ശ്രേഷ്ഠ ഇടയനായിരുന്നു ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അനുസ്മരിച്ചു. സ്വന്തം ജീവിതത്തേക്കാൾ സഭയുടെ നിലനിൽപ്പിനും വിശ്വാസസംരക്ഷണത്തിനും പരിശുദ്ധ സിംഹാസനത്തിന്റെ മഹത്വത്തിനുമാണ് ബാവ പ്രാധാന്യം നൽകിയിരുന്നത്. ജീവശ്വാസംപോലെ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തെ ഹൃദയത്തിൽ ചേർത്തുപിടിച്ച്, അതിന്റെ സംരക്ഷണത്തിനും സഭയുടെ നന്മയ്ക്കുമായി ജീവിതം തന്നെ സമർപ്പിച്ച നല്ല ഇടയശ്രേഷ്ഠനായിരുന്നു ഭാഗ്യസ്മരണാർഹനായ ബാവായെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ അനുസ്മരിച്ചു.
ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ രണ്ടാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചശേഷം അനുസ്മരണ സന്ദേശം നൽകുകയായിരുന്നു ശ്രേഷ്ഠ കാതോലിക്ക ബാവ. കത്തീഡ്രലിൽ നടന്ന ശ്രാദ്ധപ്പെരുന്നാൾ ശുശ്രൂഷകൾ ഭക്തിനിർഭരമായി.
അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ് മോർ ഈവാനിയോസ്, യൂഹാനോൻ മോർ മിലിത്തിയോസ്, മാത്യൂസ് മോർ അഫ്രേം, ഏലിയാസ് മോർ അത്താനാസിയോസ്, യാക്കോബ് മോർ അന്തോണിയോസ്, ഐസക് മോർ ഒസ്താത്തിയോസ്, ഏലിയാസ് മോർ യൂലിയോസ്, തോമസ് മോർ അലക്സന്ത്രയോസ്, ഡോ. മാത്യൂസ് മോർ അന്തിമോസ്, ഗീവർഗീസ് മോർ സ്തേഫാനോസ് എന്നിവർ സഹകാർമികത്വം വഹിച്ചു. നിരവധി വൈദികരും ആയിരക്കണക്കിന് വിശ്വാസികളും വിശുദ്ധ കുർബ്ബാനയിൽ സംബന്ധിച്ചു.
തുടർന്ന് ശ്രേഷ്ഠ കാതോലിക്ക ബാവായുടെ മുഖ്യ കാർമികത്വത്തിൽ കബറിങ്കൽ ധൂപപ്രാർത്ഥന നടത്തി. ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സ്മരണയിൽ ക്രമീകരിച്ച ശ്രാദ്ധസദ്യയിലും ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
പെരുന്നാൾ ചടങ്ങുകൾക്ക് സഭാ ഭാരവാഹികളായ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, വൈദികർ, വർക്കിംഗ് കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.














