കോലഞ്ചേരി ● കണ്ടനാട് ഭദ്രാസന മർത്തമറിയം വനിതാസമാജത്തിന്റെ നേതൃത്വത്തിൽ ‘ദിശ 2026’ എന്ന പേരിൽ നേതൃത്വ പരിശീലന ശില്പശാലയും, ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ അനുസ്മരണവും സംഘടിപ്പിച്ചു. ഊരമന ഗലീലാക്കുന്ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന പരിപാടിയിൽ മാനവവിഭവശേഷി പരിശീലകൻ പ്രൊഫ. ഡോ. സി.വി. വി. പുലയത്ത് പരിശീലന ക്ലാസ് നയിച്ചു.
കണ്ടനാട് ഭദ്രാസന വനിതാസമാജം വൈസ് പ്രസിഡന്റ് ഫാ. ഗീവർഗീസ് ചെങ്ങനാട്ടുകുഴിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. പൗലോസ് പുതിയാമഠം, ഫാ. റിജു വാത്യാപ്പിള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഭദ്രാസനത്തിലെ വിവിധ വനിതാസമാജം യൂണിറ്റുകളുടെ ഭാരവാഹികൾ സംയുക്തമായി പങ്കെടുത്ത യോഗത്തിൽ, പൗരോഹിത്യത്തിന്റെ 50 വർഷങ്ങൾ പൂർത്തീകരിക്കുന്ന അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയെ പൊന്നാട അണിയിച്ച് ആദരിക്കുകയും മംഗളപത്രം സമർപ്പിക്കുകയും ചെയ്തു.
ഭദ്രാസനത്തിലെ വനിതാസമാജം പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഭാരവാഹികളുടെ നേതൃത്വപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിശീലന ശില്പശാല സംഘടിപ്പിച്ചത്.
ഭദ്രാസന വനിതാസമാജം വൈസ് പ്രസിഡന്റ് ഫാ. ഗീവർഗീസ് ചെങ്ങനാട്ടുകുഴി, ലേഡി വൈസ് പ്രസിഡന്റ് അമ്മിണി മാത്യു, സെക്രട്ടറി മഞ്ജു ബിനു, ജോയിന്റ് സെക്രട്ടറി അനു ജെയ്, ട്രഷറർ ലീല കെ.സി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഭദ്രാസനത്തിലെ വിവിധ ദൈവാലയങ്ങളിൽ നിന്നായി നൂറോളം വനിതാസമാജം ഭാരവാഹികൾ പരിപാടിയിൽ സംബന്ധിച്ചു.











