കോതമംഗലം ● മാർ തോമാ ചെറിയപള്ളിയിൽ ചരിത്രപ്രസിദ്ധമായ കന്നി 20 പെരുന്നാളിനു പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ കബറിങ്കലേക്കു തീർഥാടകരുടെ ഒഴുക്ക്. ഇന്നലെ രാവിലെ മുതൽ എല്ലാ വഴികളിലും കാൽനട തീർഥാടകരുടെ തിരക്കേറി. നാട്ടുകാരും സംഘടനകളും വഴിയിൽ പാനീയങ്ങളും ലഘുഭക്ഷണവും ഒരുക്കി തീർഥാടകരെ വരവേറ്റു. വൈകിട്ടോടെ പെയ്ത മഴയും വകവയ്ക്കാതെ പള്ളിയും പരിസരവും നഗരവും വിശ്വാസികളാൽ തിങ്ങി നിറഞ്ഞു.
ഹൈറേഞ്ച് മേഖലയിൽ നിന്നുള്ള തീർഥാടകർക്കു കോഴിപ്പി ള്ളി ജംക്ഷനിലും പടിഞ്ഞാറൻ മേഖലയ്ക്കു മൂവാറ്റുപുഴ ജംക്ഷനിലും വടക്കൻ മേഖലയ്ക്കു ഹൈറേഞ്ച് ജംക്ഷനിലും പോത്താനിക്കാട് മേഖലയ്ക്കു ചക്കാലക്കുടി ചാപ്പലിലും സ്വീകരണം നൽകി.
ഡീൻ കുര്യാക്കോസ് എം.പി, ഷിബു തെക്കുംപുറം എം.എൽ.എ, നഗരസഭാധ്യക്ഷ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസി സാജു, മറ്റു ജനപ്രതിനിധികൾ, വൈദികർ, പള്ളി ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവരുടെ നേത്യത്വത്തിലായിരുന്നു സ്വീകരണം. തീർഥാടകർക്കു പള്ളിയിൽ നേർച്ചക്കഞ്ഞി ഒരുക്കിയിരുന്നു.
ഇന്നലെ പെരുന്നാൾ എട്ടാംദിനം മൂന്നിന്മേൽ കുർബാനയ്ക്കു ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത മുഖ്യ കാർമികനായി. മേമ്പൂട്ടിൽ നിന്നു പള്ളി ഉപകരണങ്ങൾ പള്ളിയകത്ത് എത്തിച്ചു.
സന്ധ്യാനമസ്കാരത്തിനു ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നേതൃത്വം നൽകി. സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്തമാർ സംബന്ധിച്ചു.
151 പൊൻ-വെള്ളിക്കുരിശുകളുടെ അകമ്പടിയിൽ വി. മർത്തമറിയം കത്തീഡ്രൽ (വലിയപള്ളി), സെൻ്റ് ജോർജ് കത്തീഡ്രൽ, മലയിൻകീഴ് കുരിശ്, എം.ബി.എം.എം ആശുപത്രി, ടൗൺ കുരിശ്, മാർ ബേസിൽ സ്കൂൾ റോഡ് എന്നിവിടങ്ങളിലൂടെ നഗരംചുറ്റി പ്രദക്ഷിണം നടത്തി.
ഇന്ന് 5-നു പ്രഭാത നമസ്കാരം, 5.30-ന് വിശുദ്ധ കുർബ്ബാന: ഡോ. മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്ത, 7-ന് വിശുദ്ധ കുർബ്ബാന: ഡോ. മോർ തിമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത, 8.30-നു വിശുദ്ധ കുർബ്ബാന, പ്രസംഗം: ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ എന്നിവർ കാർമികത്വം വഹിക്കും. 10.30-നു നേർച്ചസദ്യ, പരിശുദ്ധനായ യൽദോ മോർ ബസേലിയോസ് ബാവയുടെ പാദം സ്പർശനത്താൽ അനുഗ്രഹീതമായ ചക്കാലക്കുടി ചാപ്പലിലേക്ക് പ്രദക്ഷിണം നടത്തപ്പെടും. 5 മണിക്ക് പള്ളി ഉപകരണങ്ങൾ തിരികെ മേമ്പൂട്ടിലേക്ക് കൊണ്ടു പോകും. 6-നു സന്ധ്യാനമസ്കാരം.
നാളെ (ഒൿടോബർ 4 ഞായർ) രാവിലെ 6:30-ന് അഭിവന്ദ്യ ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്തയും 8:15-ന് അഭിവന്ദ്യ മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്തയും വിശുദ്ധ കുർബ്ബാനക്ക് കാർമികത്വം വഹിക്കും.10 മണിയോടെ ഗജവീരന്മാർ ബാവായുടെ കബർ വണങ്ങുവാൻ എത്തിച്ചേരും. 4 മണിക്ക് പരിശുദ്ധനായ യൽദോ ബാവായുടെ 341-ാം ഓർമ്മപ്പെരുന്നാളിന്റെ കൊടി ഇറങ്ങും. 11-ാം തീയതി വരെ ദീപാലങ്കാരങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
പെരുന്നാൾ ക്രമീകരണങ്ങൾക്ക് വികാരി ഫാ. സാജു ജോർജ് കുരിക്കപ്പിള്ളിൽ ,സഹ വികാരിമാർ, തന്നാണ്ട് ട്രസ്റ്റിമാരായ ബേബി പാറേക്കര, ബിനോയ് മണ്ണഞ്ചേരി, വർക്കിംഗ് കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.










