പുത്തൻകുരിശ് : പരിശുദ്ധ അന്തോഖ്യ സിംഹാസനാധിപതിയും, ആകമാന സുറിയാനി ഓർത്തോഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ മലങ്കരയിലെ അപ്പോസ്തോലിക സന്ദർശനത്തിന് നാളെ തുടക്കമാകും. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ 13ന് നടക്കുന്ന വിശുദ്ധ മുറോൻ കുദാശയിലും, മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികത്തിലും പങ്കെടുക്കാനാണ് പരിശുദ്ധ ബാവ അപ്പോസ്തോലിക സന്ദർശനം നടത്തുന്നത്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അതിഥിയായി എഴുന്നള്ളി വരുന്ന പരിശുദ്ധ ബാവയ്ക്ക്, കേരള സർക്കാരിന്റെയും, മലങ്കര സഭയുടെയും നേതൃത്വത്തിൽ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നവംബർ 11 ബുധനാഴ്ച രാവിലെ 8 മണിക്ക് ഔദ്യോഗിക സ്വീകരണം നൽകും. തുടർന്ന് 9.30ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിച്ചേരും.
വ്യാഴം വൈകിട്ട് 5.30ന് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ നേതൃത്വത്തിൽ പ്രാർഥന നടക്കും. വൈകിട്ട് 6 മുതൽ 8വരെ പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മുറോൻ കൂദാശയുടെ പ്രാരംഭ ശുശ്രൂഷകൾ. നവംബർ 13 വെള്ളി രാവിലെ 7.45ന് പരിശുദ്ധ പാത്രിയർക്കീസ് ബാവാ, ശ്രേഷ്ഠ കാതോലിക്കാ ബാവാ, മെത്രാപ്പൊലീത്തമാർ എന്നിവർ പ്രദക്ഷിണമായി പാത്രിയർക്കാ സെന്ററിൽ നിന്ന് കത്തീഡ്രലിലെ മദ്ബഹയിൽ പ്രവേശിക്കും. തുടർന്ന് വിശുദ്ധ മൂറോൻ കൂദാശ, വിശുദ്ധ കുർബാന. ഉച്ചയ്ക്ക് 2 മണിക്ക് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അധ്യക്ഷതയിൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം. വൈകിട്ട് 3 മണിക്ക് മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. നവംബർ 14 ശനി രാവിലെ 10 മണിക്ക് മുളന്തുരുത്തി മാർത്തോമ്മൻ യാക്കോബായ സുറിയാനി കത്തീഡലിൽ പരിശുദ്ധ ചാത്തുരുത്തിൽ ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ 125-ാം ദുഖ്റോനോയുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ഓർമ ആചരണം പരിശുദ്ധ പാത്രിയർക്കീസ് ബാവാ ഉദ്ഘാടനം ചെയ്യും.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കും. രാ വിലെ 11 മണിക്ക് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അധ്യക്ഷതയിൽ ആകമാന സുറിയാനി ഓർത്തോഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസും, സഭാ വർക്കിങ് കമ്മിറ്റി – മാനേജിങ് കമ്മിറ്റി യോഗങ്ങളും നടക്കും.
ഇന്ത്യയ്ക്കു പുറത്തു നിന്നുള്ള 30 ബിഷപ്പുമാർ കുദാശയിലും, ആഘോഷ പരിപാടികളിലും പങ്കെടുക്കാനായി എത്തുമെന്ന് സഭ മീഡിയ സെൽ ചെയർമാൻ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പൊലീത്താ പറഞ്ഞു. നവംബർ 16 തിങ്കളാഴ്ച രാവിലെ 9.30ന് പരിശുദ്ധ പാത്രിയർക്കീസ് ബാവാ മടങ്ങും.