മഹാപരിശുദ്ധനും ജനഹൃദയങ്ങളിൽ ജീവിക്കുന്ന വിശുദ്ധനും ദുഃഖിതർക്കും മനക്ലേശമുള്ളവർക്കും ആലംബവും മലങ്കര സഭ കണ്ട ആദ്യത്തെ മഫ്രിയാനും തന്റെ പരിശുദ്ധ കബർ വഴി സഭയുടെ വില തീരാത്ത നിക്ഷേപവുമായിത്തീർന്ന പരിശുദ്ധനായ മോർ ബസ്സേലിയോസ് യൽദോ ബാവായുടെ 341-ാമത് ഓർമ്മപ്പെരുന്നാൾ പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ വിവിധ ദൈവാലയങ്ങളിലും വിശുദ്ധൻ അന്ത്യവിശ്രമം കൊള്ളുന്ന കോതമംഗലം മോർ തോമാ ചെറിയ പള്ളിയിലും ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു. മലങ്കരയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ദൈവാലയങ്ങളിൽ നിന്നും വിശ്വസി സഹസ്രങ്ങളാണ് കാൽനടയായും മറ്റും പരിശുദ്ധ ബാവായുടെ കബർ ലക്ഷ്യമാക്കി കോതമംഗലം മോർ തോമാ ചെറിയ പള്ളിയിൽ വന്നെത്തുന്നത്.
മലങ്കരയുടെ ഉദ്ധാരകനും അന്ത്യോഖ്യാ മലങ്കര ബന്ധത്തിന്റെ കാവൽ ഭടനുമായ പരിശുദ്ധനായ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ പ്രാർത്ഥനകളും മദ്ധ്യസ്ഥതകളും നമ്മുക്ക് കാവലും കോട്ടയും അഭയവും ആയിത്തീരട്ടെ. പുണ്യ പിതാവിന്റെ ജീവിതത്തിലൂടെ…
വിശുദ്ധ യൽദോ മോർ ബസ്സേലിയോസ് മഫ്രിയാന
സത്യസുറിയാനി സഭയുടെ ശ്രേഷ്ഠനായ മഫ്രിയാനയും മലങ്കര സഭയുടെ മണ്ണിൽ തന്റെ വിശുദ്ധ അസ്ഥികളാൽ വിശുദ്ധിയുടെ പരിമളം വീശിക്കൊണ്ടിരിക്കുന്ന വിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ അനുഗ്രഹീതമായ 340-ാമത് ഓർമ്മപ്പെരുന്നാൾ സുറിയാനി സഭ ആഘോഷിക്കുകയാണ്.
ഇറാഖിലെ മൂസലിനടുത്തുള്ള കാരാക്കോശ് ഗ്രാമത്തിൽ ഹ്ദായി എന്ന പ്രസിദ്ധ കുടുംബത്തിൽ ‘യൽദോ’ എന്ന നാമത്തിൽ വിശുദ്ധ ബാവ ജനിച്ചു. അദ്ദേഹം പിന്നീട് മോർ ബഹനാം ദയറായിൽ അംഗമായി. എ.ഡി 1662-ൽ അന്ത്യോഖ്യായുടെ പരിശുദ്ധ യേശു രണ്ടാമൻ പാത്രിയർക്കീസ് ബാവ ബാവ യൽദോ റമ്പാച്ചനെ മഫ്രിയാനയായി വാഴിച്ചു. തുടർന്ന് അദ്ദേഹം മൂസലിലെ മോർ മത്തായി ദയറാ ആസ്ഥാനമാക്കി സഭാ ശുശ്രൂഷകൾ നിർവഹിച്ചു. എ.ഡി 1684-ൽ പരിശുദ്ധ അബ്ദുൾ മശിഹാ ഒന്നാമൻ പാത്രിയർക്കീസ് ബാവ കുർക്കുമ ദയറായിൽ വച്ച് വി. മൂറോൻ കൂദാശ നടത്തുകയും മലങ്കര സഭയിലേക്ക് മേല്പട്ടക്കാർ പോകേണ്ടതിന്റെ അത്യാവശ്യത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു. വി. മൂറോൻ കൂദാശയിൽ സംബന്ധിക്കുന്നതിനെത്തിയിരുന്ന മോർ ബസ്സേലിയോസ് യൽദോ ബാവ തൻ്റെ പ്രായാധിക്യത്തിൽ (91 വയസ്സ്) ഈ ദൗത്യം ഏറ്റെടുത്തു.
പരിശുദ്ധ പിതാവ് മലങ്കരയിൽ സത്യവിശ്വാസം നിലനിർത്തുവാൻ തൻ്റെ 91-ാമത്തെ വയസ്സിൽ മലങ്കരയിലേക്ക് പുറപ്പെട്ടു. വിശുദ്ധ ബാവായുടെ കൂടെ സഹോദരൻ ജമ്മാ, ദയറാക്കാരായ ജോക്കോ, മത്തായി എന്നീ റമ്പാന്മാരും മോർ ഹിദായത്തുള്ള എപ്പിസ്കോപ്പയും യാത്രയിൽ അനുഗമിച്ചു.
1685-ൽ ബസ്രയിൽ യാത്ര തിരിച്ച ബാവയും സംഘവും തലശ്ശേരിയിൽ എത്തുകയും പിന്നീട് കാടും മാലയും താണ്ടി പള്ളിവാസലിൽ എത്തുകയും അവിടെ വി. കുർബ്ബാന അർപ്പിക്കുകയും ചെയ്തു. ഏറെ പ്രതിസന്ധി നിറഞ്ഞ യാത്രയായിരുന്നു വന്ദ്യ വയോധികനായ ബാവയും സംഘവും നേരിട്ടത്. അനേകം അത്ഭുതങ്ങൾ ഈ സമയങ്ങളിൽ നടന്നു. വനത്തിലൂടെ കോഴിപ്പിള്ളി എന്ന സ്ഥലത്തു എത്തിയ ബാവയെ ചക്കാലകുടിയിലെ തേക്കലക്കാട്ടു നായർ കുടുംബത്തിലെ യുവാവ് കോതമംഗലം മോർ തോമാ പള്ളിയിലേക്ക് വഴി നടത്തി.
എ.ഡി 1455 കന്നി മാസം 13-നു സ്ഥാപിക്കപ്പെട്ട പുണ്യ പുരാതന ദൈവാലയമായ മോർ തോമാ ചെറിയ പള്ളിയിൽ എത്തിയ ബാവ പള്ളിയിൽ പ്രവേശിച്ചപ്പോൾ സ്വർഗം ഭൂമിയെ ചുംബിക്കുന്നത് പോലെ ദൈവാലയ മണികൾ താനേ മുഴങ്ങുകയും സ്വർഗീയമായ അനുഭവം ദേശത്തു ഉണ്ടാകുകയും ചെയ്തു.1685 കന്നി മാസം 7-നു ആണ് ബാവ പള്ളിയിൽ എത്തിയത്. കന്നി മാസം 14-ാം തീയതി മോർ ഹിദായത്തുള്ള എപ്പിസ്കോപ്പയെ മെത്രാപ്പോലീത്തയായി ബാവ ഉയർത്തി. കന്നി മാസം 17-നു അനാരോഗ്യവാനായ വിശുദ്ധ ബാവായുടെ കന്തീല ശുശ്രൂഷ നടത്തി.
കന്നി മാസം 19-ന് (കോതമംഗലത്തു എത്തിയതിന്റെ 13-ാമത് ദിവസം) ശനിയാഴ്ച ഉച്ചക്ക് 3 മണിക്ക് വിശുദ്ധ ബാവ ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു. പള്ളിമുറ്റത്തെ കൽക്കുരിശിൽ ആ സമയം പ്രകാശം കണ്ടതായി ചരിത്രം രേഖപ്പെടുത്തുന്നു. കന്നി മാസം 20-ന് പുണ്യപിതാവിന്റെ കബറടക്കം നടത്തപ്പെട്ടു. ഒക്ടോബർ 3-ാം തീയതി സത്യ സുറിയാനി സഭ വിശുദ്ധ ബാവായുടെ ദുഃഖ്റോനോ ലോകമെങ്ങുമുള്ള സഭാമക്കൾ ആഘോഷിക്കുന്നു. പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ ബാവ വിശുദ്ധ ബാവയെ 1987-ലെ E 265 /87 നമ്പർ കല്പന പ്രകാരം വിശുദ്ധനായി പ്രഖ്യാപിച്ചു.
മലങ്കര സഭയുടെ പരിമള വാസനയായി പരിലസിക്കുന്ന വി. യൽദോ ബാവാ കേവലം 13 ദിവസമേ മലങ്കര മക്കളുടെ ദൃശ്യ നയനങ്ങളിൽ കാണപ്പെട്ടുവെങ്കിലും ഈ വിശുദ്ധ പിതാവിന്റെ അദൃശ്യ സാന്നിദ്ധ്യം സദാ സമയയും സത്യ സുറിയാനി സഭയുടെ മക്കളുടെ ഹൃദയത്തിൽ നിലനിൽക്കുന്നു. വി. പിതാവിന്റെ ചിത്രങ്ങൾ ലഭ്യമല്ലാത്തതിനാൽ വിശുദ്ധൻ്റെ അസ്ഥികൾ കബറടക്കപ്പെട്ട കബറിന്റെ ചിത്രമാണ് മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ ഔദ്യോഗികമായി ഉപയോഗിക്കുന്നത്.
എൽദോ എന്നും ബേസിൽ എന്നും നാമം സ്വീകരിച്ച് അനേകം ആളുകൾ വിശുദ്ധൻ്റെ പുണ്യ ദൈവാലയത്തിൽ വി. മാമ്മോദീസായേറ്റ് ആ പുണ്യ പിതാവിൻ്റെ മദ്ധ്യസ്ഥതയിൽ അഭയം പ്രാപിക്കുന്നത് കോതമംഗലത്ത് സർവ്വ സാധാരണമായ കാഴ്ചയാണ്. സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സത്യ സുറിയാനി സഭയുടെ അഭയ സ്ഥാനവും സംരക്ഷണ കോട്ടയുമാണ് വി. ബാവായുടെ കബറിടം. വിശുദ്ധ ബാവായുടെ പ്രാർത്ഥന നമുക്ക് കോട്ടയായിരിക്കട്ടെ.
