പെരുമ്പാവൂർ ● ദൈവാലയത്തിലൂടെ ആർജിച്ചെടുക്കുന്ന ദൈവിക ചൈതന്യവും വിശ്വാസത്തിന്റെ സ്ഥിരതയും ജീവിതത്തിൽ എപ്പോഴും പ്രകാശിച്ചുനിൽക്കണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ആഹ്വാനം ചെയ്തു.
ആലാട്ടുചിറ ബെത്ലഹേം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പുനർനിർമ്മിച്ച ദൈവാലയത്തിൻ്റെ വി. മൂറോൻ അഭിഷേക കൂദാശ നിർവഹിച്ചശേഷം അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബാവ.
ദൈവാലയ നിർമാണം ഉൾപ്പെടെയുള്ള പ്രാഥമിക ദൗത്യങ്ങൾ പൂർത്തിയാകുന്നതോടെ വിശ്വാസികളുടെ ഉത്തരവാദിത്വങ്ങൾ അവസാനിക്കുന്നില്ല. നാം ജീവിക്കുന്ന സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ് ഓരോ വിശ്വാസിയും. സമൂഹത്തോടു ചേർന്നുനിന്ന് ക്രിസ്തീയ ദൗത്യത്തിന്റെ പൂർണതയ്ക്കായി അനുയോജ്യമായ സേവന-ശുശ്രൂഷാ പ്രവർത്തനങ്ങളിൽ നിരന്തരം വ്യാപൃതരാകാൻ വിശ്വാസികൾക്കു സാധിക്കണമെന്നും ശ്രേഷ്ഠ ബാവ ഓർമിപ്പിച്ചു.
പുനർനിർമിച്ച ആലാട്ടുചിറ ബെത്ലഹേം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിച്ചു. അഭിവന്ദ്യരായ മോർ അപ്രേം മാത്യൂസ്, മോർ ക്രിസോസ്റ്റമോസ് മർക്കോസ്, ഡോ. മോർ അന്തീമോസ് മാത്യൂസ്, മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ എന്നീ മെത്രാപ്പോലീത്തമാർ സഹകാർമികരായി.
മർത്തമറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ 500 വൃക്കരോഗികൾക്ക് ഡയാലിസിസിനായി സമാഹരിച്ച തുക കൈമാറി. സെന്റ് മേരീസ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ നിർമിച്ചുനൽകുന്ന വീടിന്റെ താക്കോൽദാനവും ചടങ്ങിൽ നടന്നു. ദൈവാലയ നിർമാണത്തിനായി 1.2 ഏക്കർ സ്ഥലം സംഭാവന നൽകിയ ഇലഞ്ഞിക്കമാലിൽ പരേതനായ മാത്യു പൈലിയുടെ കുടുംബത്തെ ആദരിച്ചു.
ബെന്നി ബഹനാൻ എം.പി, മനോജ് മുത്തേടൻ എം.എൽ.എ, മുൻ എം.എൽ.എ. മാരായ സാജു പോൾ, എൽദോസ് കുന്നപ്പിള്ളി, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് അരീക്കൽ, ജില്ലാ പഞ്ചായത്ത് അംഗം അൽ ഫോൻസാ ഡേവിസ്, മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ഷൈമി വർഗീസ്, വാർഡ് അംഗം എം.ഡി. സാബു, സഭാ സെക്രട്ടറി ജേക്കബ് സി., ഇ.വി. തോമസ്, പള്ളി ട്രസ്റ്റിമാരായ എം.ജെ.ജോയ്, എ.ഒ. ജയിംസ്, ജിജോ വർഗീസ് കുഴിക്കാടൻ എന്നിവർ പ്രസംഗിച്ചു.
വിശുദ്ധ മൂറോൻ അഭിഷേക കൂദാശയ്ക്ക് ശേഷം നടന്ന വി. മൂന്നിന്മേൽ കുർബ്ബാനയ്ക്ക് അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. അഭിവന്ദ്യരായ മോർ ക്രിസോസ്റ്റമോസ് മർക്കോസ്, മോർ ഗ്രിഗോറിയോസ് ഗ്രബ്രിയേൽ എന്നീ മെത്രാപ്പോലീത്തമാർ സഹകാർമികരായി. വികാരി ഫാ. നെൽസൺ ജോയി മൂലേക്കുടി, ഫാ. ബേസിൽ പൊട്ടയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.





