ലെസ്റ്റർ (യു.കെ) ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യു.കെ ഭദ്രാസനത്തിന് സ്വന്തം ആസ്ഥാന മന്ദിരം എന്ന ചിരകാല സ്വപ്നം സാക്ഷാത്കരിച്ചു. ഭദ്രാസനത്തിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി മാറിയ ഈ നേട്ടത്തിലൂടെ ലെസ്റ്ററിന് സമീപം സ്ഥിതിചെയ്യുന്ന മന്ദിരം ഭദ്രാസനത്തിന്റെ സ്വന്തം ആസ്ഥാനമായി. മന്ദിരത്തിന്റെ തീറാധാരത്തിൽ (Sale Deed) ഒപ്പുവയ്ക്കൽ നടപടികൾ പൂർത്തിയായി.ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്. ഭദ്രാസനത്തിന്റെ ദീർഘകാല സ്വപ്നം യാഥാർഥ്യമായതോടെ ഭാവി പ്രവർത്തനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ അന്തരീക്ഷം ഒരുങ്ങുകയാണ്. ഭദ്രാസനത്തിന്റെ ആത്മീയവും അജപാലനപരവുമായ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനും വിവിധ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും പുതിയ ആസ്ഥാനമന്ദിരം സഹായകമാകും.
ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്. ഭദ്രാസനത്തിന്റെ ദീർഘകാല സ്വപ്നം യാഥാർഥ്യമായതോടെ ഭാവി പ്രവർത്തനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ അന്തരീക്ഷം ഒരുങ്ങുകയാണ്. ഭദ്രാസനത്തിന്റെ ആത്മീയവും അജപാലനപരവുമായ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനും വിവിധ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും പുതിയ ആസ്ഥാനമന്ദിരം സഹായകമാകും.
ലെസ്റ്ററിന് സമീപം എർൾ ഷിൽട്ടണിലെ ഹൈ സ്ട്രീറ്റിലുള്ള എർൾ ഷിൽട്ടൺ ഇൻഡിപെൻഡന്റ് ചാപ്പലാണ് (Earl Shilton Independent Chapel, High Street, Earl Shilton, LE9 7LR) ഭദ്രാസന ആസ്ഥാനത്തിനായി ഏറ്റെടുത്തത്.
ഭദ്രാസന ജനറൽ ബോഡിയുടെ അംഗീകാരപ്രകാരം ഭദ്രാസന സെക്രട്ടറി ഫാ. എബിൻ മാർക്കോസ്, ട്രഷറർ ഷിബി ചേപ്പനത്ത്, കൗൺസിൽ അംഗങ്ങളായ വിജി പൈലി, ജിബി ജോയി എന്നിവർ തീറാധാരത്തിൽ ഒപ്പുവച്ചു. വെൽസൺ തോമസ് സാക്ഷിയായി ഒപ്പിട്ടു. തുടർന്ന്, ബിൽഡിംഗ് കമ്മിറ്റി അംഗം മനോജ് വർഗീസിന്റെ സാന്നിധ്യത്തിൽ കൗൺസിൽ അംഗങ്ങൾ മന്ദിരത്തിന്റെ താക്കോൽ ഏറ്റുവാങ്ങി.
ഭദ്രാസനത്തിന് അനുയോജ്യമായ ആസ്ഥാനമന്ദിരം കണ്ടെത്തുന്നതിനും ഈ സ്വപ്നസാക്ഷാത്കാരത്തിനായി സമർപ്പിതമായി പ്രവർത്തിക്കുന്നതിനും നേതൃത്വം നൽകിയ ബിൽഡിംഗ് കമ്മിറ്റി അംഗങ്ങളെയും കൗൺസിൽ അംഗങ്ങളെയും ഭദ്രാസന മെത്രാപ്പോലീത്ത ഹൃദയപൂർവം അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
സ്വന്തം ആസ്ഥാനമന്ദിരം സ്വന്തമാക്കിയതോടെ യു.കെ. ഭദ്രാസനത്തിന്റെ വളർച്ചയ്ക്കും പ്രവർത്തനങ്ങളുടെ വിപുലീകരണത്തിനും പുതിയ അധ്യായം തുറന്നിരിക്കുകയാണ്. ഭദ്രാസനത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തും ദിശാബോധവും പകരുന്ന ഈ ചരിത്രനേട്ടം വിശ്വാസികൾക്ക് ഏറെ സന്തോഷവും പ്രത്യാശയും പകരുന്നു.




