പുത്തന്‍കുരിശ് ● പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ ദൈവാലയം ഓര്‍ത്തഡോക്സ് വിഭാഗം പോലീസ് സംരക്ഷണത്തില്‍ കൈയ്യേറിയതിന്റെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച്, പിറവം വലിയ പള്ളി ഇടവകാംഗങ്ങള്‍ എല്ലാ വര്‍ഷവും ആചരിച്ചുവരുന്ന ദുഃഖാചരണത്തിന്റെ ഭാഗമായി പാരിഷ് ഹാള്‍ ഗ്രൗണ്ടിലേക്ക് നടത്തിയ സമാധാനപരമായ പ്രാര്‍ത്ഥനാ റാലിക്കെതിരെ ഓര്‍ത്തഡോക്സ് വിഭാഗം വൈദികന്റെ നേതൃത്വത്തില്‍ ഉണ്ടായ ഇടപെടലില്‍ യാക്കോബായ സുറിയാനി സഭ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
സമാധാനപരമായി മുന്നോട്ടുപോയ റാലിയില്‍ പങ്കെടുത്ത പരി. സഭയുടെ വര്‍ക്കിംഗ് കമ്മിറ്റി അംഗവും, പിറവം വലിയ പള്ളി വികാരിയുമായ ഫാ. വര്‍ഗ്ഗീസ് പനിച്ചയിലിനെയും, പിറവം പള്ളി ഇടവകാംഗവും മുന്‍സിപ്പല്‍ കൗണ്‍സിലറുമായ ശ്രീ. ജോണ്‍ വാക്കാനായിലിനെയും കൈയ്യേറ്റം ചെയ്യുവാന്‍ നടത്തിയതായ നീക്കങ്ങള്‍ അപലപനീയമാണെന്നും അതിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ കൈക്കൊള്ളണമെന്നും യാക്കോബായ സുറിയാനി സഭാ നേതൃത്വം ആവശ്യപ്പെട്ടു.
മാതൃ ദൈവാലയം വിശ്വാസ വിപരീതികളാല് കയ്യേറപ്പെട്ടതില് ഉള്ളതായ വേദന അനുസ്മരിച്ച് പ്രാര്‍ത്ഥനാപൂര്‍വ്വം നടത്തപ്പെട്ട ചടങ്ങ് അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയും, വിശ്വാസസമൂഹത്തെ പ്രകോപിപ്പിച്ച് ക്രമസമാധാന പ്രശ്നം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ നടപടികള്‍ ക്രിസ്തീയതയ്ക്ക് വിരുദ്ധമാണ്.
ഇതു സംബന്ധിച്ച് പുറത്ത് വന്നതായ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് അധികാരികള്‍ പരിശോധിച്ച് ഓര്‍ത്തഡോക്സ് വിഭാഗം നടത്തിയതായ അതിക്രമങ്ങള്‍ക്കെതിരെ നിയമപരമായ നടപടികള്‍ കൈക്കൊള്ളണമെന്ന് യാക്കോബായ സഭാ നേതൃത്വം ആവശ്യപ്പെട്ടു.
യാക്കോബായ സുറിയാനി സഭ സമാധാനമാണ് എന്നും ആഗ്രഹിക്കുന്നത്. എന്നാല്‍ സഭാ വിശ്വാസികള്‍ക്ക് നേരെ മറുവിഭാഗം നടത്തുന്നതായ അതിക്രമങ്ങളെ അംഗീകരിക്കുവാനാവില്ല എന്നും പോലീസ് അധികാരികള്‍ ആവശ്യമായ നടപടികള്‍ ഈ വിഷയത്തില്‍ അടിയന്തിരമായി കൈക്കൊള്ളണമെന്നും സഭാ ഭാരവാഹികളായ വൈദീക ട്രസ്റ്റി റവ. ഫാ. റോയി ജോര്‍ജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ്ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവര്‍ ആവശ്യപ്പെട്ടു.






