കോതമംഗലം ● നാനാ ജാതി മതസ്ഥരുടെ അഭയ കേന്ദ്രവും അനുഗ്രഹങ്ങളുടെ വറ്റാത്ത ഉറവിടവുമാണ് പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന ചെറിയ പള്ളിയെന്ന് മുവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്ത പറഞ്ഞു. പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ 341-ാം ഓർമ്മപ്പെരുന്നാളിന്റെ രണ്ടാം ദിവസമായ ഇന്നലെ രാവിലെ നടന്ന വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനക്ക് അഭിവന്ദ്യ മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിച്ചു. പരിശുദ്ധ ബാവ കാലം ചെയ്തപ്പോൾ ദിവ്യ പ്രകാശം ചൊരിഞ്ഞ പടിഞ്ഞാറെ കൽക്കുരിശിന്റെ പെരുന്നാളിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത.
വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനയ്ക്ക് ശേഷം കല്ക്കുരിശിലേക്ക് പ്രദക്ഷിണം നടത്തപ്പെട്ടു. പ്രദക്ഷിണത്തിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കു ചേർന്നു. പള്ളി നിർമ്മാണ സമയത്ത് നാടുവാഴികളായ കർത്താക്കന്മാരുടെ നേതൃത്വത്തിൽ പണികൾ നടത്തിയതിനെ അനുസ്മരിച്ച് കൊണ്ട് മൂന്ന് വൈദീകർ അംശ വസ്ത്രമണിഞ്ഞ് കൽക്കുരിശിങ്കൽ വെച്ച് വിശ്വാസികളെ അനുഗ്രഹിച്ചു.
ചടങ്ങുകൾക്ക് വികാരി ഫാ. സാജു ജോർജ് കുരിക്കപ്പിള്ളിൽ, സഹവികാരിമാർ, ട്രസ്റ്റിമാരായ ബേബി പാറേക്കര, ബിനോയ് മണ്ണഞ്ചേരി, വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, മാനേജിങ്ങ് കമ്മിറ്റിയംഗങ്ങൾ നേതൃത്വം നൽകി.
ഇന്ന് സെപ്റ്റംബർ 27 ഞായർ രാവിലെ 6-ന് അർപ്പിക്കപ്പെടുന്ന ആദ്യത്തെ വിശുദ്ധ കുർബ്ബാനക്ക് അഭിവന്ദ്യ മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലീത്തയും 7:30-ന്റെ രണ്ടാമത്തെ വിശുദ്ധ കുർബ്ബാനക്ക് കുര്യാക്കോസ് മോർ ക്ലീമീസ് മെത്രാപ്പോലീത്തയും 9-ന് നടത്തപ്പെടുന്ന മൂന്നാമത്തെ വിശുദ്ധ കുർബ്ബാനക്ക് ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്തയും കാർമികത്വം വഹിക്കും. വൈകുന്നേരം 5:45-ന് സന്ധ്യാനമസ്കാരവും തുടർന്ന് 06:30-ന് അഭിവന്ദ്യ ഗീവർഗീസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാനയും നടത്തപ്പെടും.
