മുളന്തുരുത്തി ● ഉദയഗിരി മലങ്കര സിറിയൻ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ ചരിത്രപഠനത്തിനും പൈതൃക സംരക്ഷണത്തിനുമായി ഹിസ്റ്ററി ക്ലബ്ബിന് തുടക്കമായി. ‘സ്മൃതിയാനം’ എന്ന് നാമകരണം ചെയ്ത പദ്ധതിക്ക് സെമിനാരിയുടെ പ്രസിഡന്റും, റസിഡന്റ് മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത തുടക്കം കുറിച്ചു.
ചരിത്രം അറിയുക, പഠിക്കുക, രേഖപ്പെടുത്തുക, സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. ചരിത്രപ്രാധാന്യമുള്ള പൗരാണിക ദൈവാലയങ്ങളുടെ വിശദവിവരങ്ങൾ ശേഖരിച്ച് വിശ്വാസികൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ‘സ്മൃതിയാനം’ പ്രാധാന്യം നൽകുന്നതെന്ന് മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചു.
മലങ്കര സിറിയൻ ഓർത്തഡോക്സ് സഭയുടെ ചരിത്രപൈതൃകം കൂടുതൽ ആഴത്തിൽ മനസ്സിലാക്കുന്നതിനും അമൂല്യമായ സ്മരണകൾ വരുംതലമുറകളിലേക്ക് കൈമാറുന്നതിനും ‘സ്മൃതിയാനം’ പുതിയ തുടക്കമാകുമെന്ന് ചരിത്രവിഭാഗം മേധാവി തട്ടാറയിൽ വന്ദ്യ ദാനിയേൽ കശീശ്ശ പറഞ്ഞു. സെമിനാരി പ്രിൻസിപ്പൽ വന്ദ്യ ഡോ. ആദായി ജേക്കബ് കോർ എപ്പിസ്കോപ്പ, റമ്പാച്ചന്മാർ, വൈദികർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.







