ബാംഗ്ലൂർ ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ബാംഗ്ലൂർ ഭദ്രാസന സൺഡേ സ്കൂൾ അസ്സോസിയേഷന്റെ (എം.ജെ.എസ്.എസ്.എ) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാർഷിക ക്യാമ്പ് ‘ടാബർനാക്കിൾ 2026’ കർമ്മലാരത്തെ ക്ലാരെറ്റ് നിവാസിൽ വിജയകരമായി നടന്നു. ആഗസ്റ്റ് 1, 2 തീയതികളിലായി നടന്ന ക്യാമ്പ് ബാംഗ്ലൂർ ഭദ്രാസന സെക്രട്ടറി ഫാ. ജോൺ ഐപ്പ് മങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ഭദ്രാസനത്തിലെ വിവിധ ദൈവാലയങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികളും അധ്യാപകരും ക്യാമ്പിൽ പങ്കെടുത്തു.
“Turning Hearts: Strengthening Family Bonds through Faith and Love” എന്നതായിരുന്നു ഈ വർഷത്തെ ക്യാമ്പിന്റെ മുഖ്യചിന്താവിഷയം. വിശ്വാസത്തിലൂടെയും സ്നേഹത്തിലൂടെയും കുടുംബബന്ധങ്ങൾ ദൃഢമാക്കുക എന്ന സന്ദേശം മുൻനിർത്തി, കുട്ടികളുടെ ആത്മീയവും മാനസികവുമായ വളർച്ച ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
സബ് ജൂനിയർ, ജൂനിയർ, സീനിയർ, വോളന്റിയർ എന്നീ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് ക്ലാസുകളും പരിശീലന സെഷനുകളും ക്രമീകരിച്ചത്. എൻ.സി.സി.ഐ എക്സിക്യൂട്ടീവ് സെക്രട്ടറി റവ. റിബിൻ ജോൺ, വന്ദ്യ ഡോ. കൗമ റമ്പാൻ, ഡോ. വീണു ജോയി, ബിനു തോമസ്, അലൻ രാജു എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്കും സംവാദങ്ങൾക്കും നേതൃത്വം നൽകി.
ക്യാമ്പ് ഡയറക്ടർ ബിനു റോയ്, ബാംഗ്ലൂർ ഭദ്രാസന സൺഡേ സ്കൂൾ അസ്സോസിയേഷൻ ഭാരവാഹികളായ സെക്രട്ടറി ലാജേഷ് ജേക്കബ്, ട്രഷറർ ആശാ എൽദോ, ഡിസ്ട്രിക്റ്റ് ഇൻസ്പെക്ടർ ജോബി വർഗീസ് എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഭദ്രാസനത്തിലെ വൈദികരും, യു.ടി.സി, ധർമ്മാരാം എന്നിവിടങ്ങളിലെ വൈദിക വിദ്യാർത്ഥികളും ക്യാമ്പിന്റെ നടത്തിപ്പിൽ സജീവമായി പങ്കാളികളായി.
വിശുദ്ധ കുർബ്ബാന, ബൈബിൾ പഠനം, വിശ്വാസാധിഷ്ഠിത പരിശീലന സെഷനുകൾ, ഗ്രൂപ്പ് ചർച്ചകൾ, വിവിധ ഗെയിമുകൾ, ക്യാമ്പ് ഫയർ, കലാപരിപാടികൾ എന്നിവ ക്യാമ്പിന് ആത്മീയതയും ഉണർവും പകർന്നു.



