ദുബായ് ● യു.എ.ഇ സോണൽ യൂത്ത് അസ്സോസിയേഷന്റെ (എസ്.ഒ.സി.വൈ.എ) നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് സേവനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. യു.എ.ഇ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ അനുമതിയോടെ 2024 മുതൽ പ്രവർത്തിച്ചുവരുന്ന ഹെൽപ് ഡെസ്ക്, യു.എ.ഇയുടെ വിവിധ എമിറേറ്റുകളിലേക്ക് പുതുതായി എത്തുന്ന മലങ്കര യാക്കോബായ സുറിയാനി സഭാംഗങ്ങളായ യുവതി-യുവാക്കൾക്ക് ആവശ്യമായ മാർഗനിർദേശങ്ങളും പിന്തുണയും ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്.
ജോലി, ഉന്നതപഠനം തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഫുജൈറ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, അൽഐൻ എന്നിവിടങ്ങളിലെത്തുന്ന യുവജനങ്ങളെ അതത് പ്രദേശങ്ങളിലെ ദൈവാലയങ്ങളുമായും സഭാ പ്രവർത്തനങ്ങളുമായും ബന്ധിപ്പിക്കുന്നതിനും ഹെൽപ് ഡെസ്ക് സഹായകരമാകും.
പ്രവാസജീവിതത്തിന്റെ ആദ്യഘട്ടത്തിൽ ആവശ്യമായ വിവരങ്ങളും മാർഗനിർദേശങ്ങളും ലഭ്യമാക്കുന്നതിനൊപ്പം യുവജനങ്ങൾക്ക് ആത്മീയവും സാമൂഹികവുമായ പിന്തുണ ഉറപ്പാക്കുക എന്നതും ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. വിവിധ ആവശ്യങ്ങൾക്കായി യു.എ.ഇയിലെത്തുന്ന യുവജനങ്ങൾക്ക് സഭയുമായും പ്രാദേശിക ദൈവാലയങ്ങളുമായും ബന്ധം സ്ഥാപിക്കുന്നതിനുള്ള സൗഹൃദവേദിയായും ഹെൽപ് ഡെസ്ക് പ്രവർത്തിക്കും.
ഹെൽപ് ഡെസ്കിന്റെ പ്രവർത്തനങ്ങൾ വിജയകരമാക്കുന്നതിനായി പരിശുദ്ധ സഭയിലെ യുവതി-യുവാക്കൾ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് യു.എ.ഇ സോണൽ യൂത്ത് അസോസിയേഷൻ അഭ്യർഥിച്ചു. ഹെൽപ് ഡെസ്ക് സേവനവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും സഹായങ്ങൾക്കുമായി helpdesk.socyaue@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ പ്രസിദ്ധീകരിച്ചിട്ടുള്ള ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
