കട്ടിലപൂവ്വം (തൃശ്ശൂർ) ● കട്ടിലപൂവ്വം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ ചടങ്ങുകളോടെ പ്രൗഢോജ്വല തുടക്കമായി. തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
ആഗസ്റ്റ് 2-ന് ഞായറാഴ്ച വലിയ പള്ളിയിൽ അർപ്പിച്ച വി. കുർബ്ബാനയ്ക്ക് ശേഷമാണ് ആഘോഷങ്ങൾക്ക് തുടക്കമായ ദീപശിഖാ പ്രയാണം ആരംഭിച്ചത്. ഇടവക വികാരിമാരുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രയാണം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സൂബോറോ ദൈവാലയത്തിൽ സമാപിച്ചു. തുടർന്ന് ദീപശിഖ അഭിവന്ദ്യ മെത്രാപ്പോലീത്തയ്ക്ക് കൈമാറുകയും മെത്രാപ്പോലീത്ത ദീപശിഖയിൽ നിന്ന് തിരികൊളുത്തി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഔദ്യോഗികമായി തിരിതെളിയിക്കുകയും ചെയ്തു.
ഇടവക വികാരിയും സഹവികാരിയും മാനേജിങ് കമ്മിറ്റി അംഗങ്ങളും വിവിധ ഭക്തസംഘടനകളുടെ ഭാരവാഹികളും അനേകം വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു.
പള്ളിയുടെ വിശ്വാസപാരമ്പര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം അനുസ്മരിക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വർഷം മുഴുവൻ ആത്മീയ, സാമൂഹിക, സാംസ്കാരിക മേഖലകളെ ഉൾക്കൊള്ളുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.




