അമേരിക്ക ● ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ പ്രഥമ അമേരിക്കൻ സന്ദർശനത്തിന് തുടക്കമായി.
അമേരിക്കയിലെത്തിയ ശ്രേഷ്ഠ ബാവയെ വിമാനത്താവളത്തിൽ നോർത്ത് അമേരിക്ക-കാനഡ അതിഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ഊഷ്മളമായി സ്വീകരിച്ചു. ക്നാനായ അതിഭദ്രാസനത്തിലെ അമേരിക്ക, യുകെ, യൂറോപ്പ് സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ സിൽവാനിയോസ് അയൂബ് മെത്രാപ്പോലീത്ത, ഭദ്രാസന-മേഖല ഭാരവാഹികൾ, വൈദീകർ, വിശ്വാസികൾ എന്നിവർ സ്വീകരണത്തിൽ പങ്കെടുത്തു.
തുടർന്ന് അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ന്യൂജേഴ്സിയിലെ ഭദ്രാസന ആസ്ഥാനത്ത് ശ്രേഷ്ഠ ബാവയ്ക്ക് ഔപചാരിക സ്വീകരണം ഒരുക്കും. ജൂലൈ 22 മുതൽ 25 വരെ അവിടെ നടക്കുന്ന 37-ാമത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസിന്റെ മുഖ്യാതിഥിയായും അനുഗ്രഹപ്രഭാഷകനായും ശ്രേഷ്ഠ ബാവ പങ്കെടുക്കും.
അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി വിവിധ ആത്മീയ, സഭാ, വിശ്വാസി സംഗമങ്ങളിലും ശ്രേഷ്ഠ ബാവ സംബന്ധിക്കുമെന്ന് ഭദ്രാസന ഭാരവാഹികൾ അറിയിച്ചു.



