പുത്തന്‍കുരിശ് ● 1876-ല്‍ മുളന്തുരുത്തിയില്‍ പരി. പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ അദ്ധ്യക്ഷതയില്‍ കൂടി 7 ഭദ്രാസനങ്ങള്‍ രൂപീകരിക്കുകയും, സഭയ്ക്ക് ഭരണ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. സഭയുടെ ‘മാഗ്നകാര്‍ട്ട’ എന്ന് വിശേഷിപ്പിക്കുന്ന മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാമത് വാര്‍ഷികം യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തില്‍ 2026 നവംബര്‍ മാസം നടത്തുവാന്‍ പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററില്‍ ശ്രേഷ്ഠ ബസ്സേലിയോസ് ജോസഫ് കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ കൂടിയ സഭാ മാനേജിംഗ് കമ്മിറ്റിയോഗം തീരുമാനിച്ചു.
പള്ളി പ്രതിപുരുഷയോഗം, പരി. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ്, വി. മൂറോന്‍ കൂദാശ, പൊതുസമ്മേളനം അന്ന് രൂപീകരിച്ച 7 ഭദ്രാസനങ്ങളുടെ ആഭിമുഖ്യത്തിലുള്ള വാര്‍ഷികാഘോഷങ്ങള്‍ എന്നിവ നടത്തുവാനും യോഗം നിശ്ചയിച്ചു. യാക്കോബായ സഭയുടെ പള്ളികള്‍ വിശ്വാസ സംരക്ഷണത്തില്‍ നിലനിര്‍ത്തുമെന്നും, സുറിയാനി സഭയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുവാന്‍ പ്രതിജ്ഞാബന്ധമാണെന്നും, ആത്മീകവും ഭൗതീകവുമായ വളര്‍ച്ച ലക്ഷ്യമാക്കി മുന്നേറുവാനും അദ്ധ്യക്ഷന്‍ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവാ അംഗങ്ങളെ ഉദ്ബോധിപ്പിച്ചു.
ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം മേഖലയിലെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് റീജിയണല്‍ ഓഫീസ് ആരംഭിച്ച് പ്രവര്‍ത്തിക്കുന്നതിന് ഡോ. കുര്യാക്കോസ് മോര് തെയോഫിലോസ് മെത്രാപ്പോലീത്തായെ ചുമതലപ്പെടുത്തിയത് യോഗം അംഗീകരിച്ചു. ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ നാമധേയത്തില്‍ പുതുക്കി പണിയുന്ന കണ്വെന്ഷന് സെന്ററിന്റെ കൂദാശ ശ്രേഷ്ഠ ബാവായുടെ രണ്ടാമത് ഓര്‍മ്മപ്പെരുന്നാളില്‍ നടത്തുവാനും തീരുമാനിച്ചു.
പരി. സഭയുടെ 2025-26 വര്‍ഷത്തെ വരവ്-ചെലവ് കണക്കുകള്‍ സഭാ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ്ജ് തുകലന്‍ അവതരിപ്പിച്ചു. സഭയുടെ കീഴിലുള്ള എം.ഡി. ബുക്ക് സ്റ്റാള്‍, വിശ്വാസ സംരക്ഷകന്‍ പത്രം, സെന്റ് അത്തനേഷ്യസ് കത്തീഡ്രല്‍, ജെ.എസ്.സി. ന്യൂസ്, സുവിശേഷ സംഘം, എഡ്യൂക്കേഷന്‍ ട്രസ്റ്റ് എന്നിവയുടെ കണക്ക് യോഗം ഐക്യകണ്ഠ്യേന അംഗീകരിച്ചു.
വിവിധ പദ്ധതികളും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, സഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി 2026- 2027 വര്‍ഷത്തേയ്ക്ക് 63.5 കോടി രൂപയുടെ ബജറ്റും മാനേജിംഗ് കമ്മിറ്റി അംഗീകരിച്ചു. ഭവന നിര്‍മ്മാണം, ചികിത്സാസഹായം, പഠന സഹായം എന്നിവയ്ക്കായി ബജറ്റില്‍ വന്‍ തുക നീക്കിവച്ചതിനെ യോഗം അഭിനന്ദിച്ചു. എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ കീഴിലുള്ള വിവിധ കോളേജുകളുടെ ആധുനികവല്‍ക്കരണവും, പുതിയ ബ്ലോക്കുകളുടെ നിര്‍മ്മാണവും സംബന്ധിച്ച വിവരങ്ങള്‍ യോഗത്തെ അറിയിച്ചു.
വൈദീക സംഘം രൂപപ്പെടുത്തിയ വെബ്സൈറ്റ് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്ത് സഭയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചു.
ശ്രേഷ്ഠ ബസ്സേലിയോസ് ജോസഫ് കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ കൂടിയ സഭാ മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ അഭി. ഡോ. മാത്യൂസ് മോര് ഈവാനിയോസ്, അഭി. കുര്യാക്കോസ് മോര് ക്ലീമീസ്, ഡോ. മാത്യൂസ് മോര് അന്തിമോസ് എന്നീ മെത്രാപ്പോലീത്താമാരും, വൈദിക ട്രസ്റ്റി റവ. ഫാ. റോയി ജോര്‍ജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ്ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ശ്രീ. വി.ഡി. സതീശന് സര്‍ക്കാരിന് ആശംസകള്‍: യാക്കോബായ സഭാ മാനേജിംഗ് കമ്മിറ്റി
പുത്തന്‍കുരിശ് ● കേരളത്തില്‍ പുതിയതായി അധികാരത്തിലേറിയ ശ്രീ. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ യാക്കോബായ സഭാ മാനേജിംഗ് കമ്മിറ്റി അനുമോദിച്ചു. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സര്‍ക്കാരിന് അഭിനന്ദനം അറിയിച്ചത്.
ദിശാബോധത്തോടെ സമഗ്ര മേഖലയിലും വികസനം കൈവരിക്കുവാനും, സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ രംഗങ്ങളില്‍ പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കുവാനും സര്‍ക്കാരിന് സാധിക്കട്ടെയെന്ന് ശ്രേഷ്ഠ ബാവാ ആശംസിച്ചു. നവകേരള നിര്‍മ്മിതിയില്‍ സഭയുടെ പൂര്‍ണ്ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
സഭാംഗങ്ങളായ മന്ത്രി ശ്രീ. അനൂപ് ജേക്കബ്, എം.എല്‍.എ.മാരായ ശ്രീ. റോയി കെ. പൗലോസ്, ശ്രീ. ഷിബു തെക്കുംപുറം, ശ്രീ. മാത്യു കുഴല്നാടന് എന്നിവരെയും, കുന്നത്തുനാട് എം.എല്‍.എ. ശ്രീ. വി.പി. സജീന്ദ്രനെയും, സഭാംഗങ്ങളായി ത്രിതല പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് ജനപ്രതിനിധികളെയും യോഗം അനുമോദിച്ചു.
യാക്കോബായ സഭയുടെ പുതിയ
മെത്രാപ്പോലീത്തായെ ജൂണ്‍ 30 ന് വാഴിക്കും. : യാക്കോബായ സഭാ മാനേജിംഗ് കമ്മിറ്റി
പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭ മൂവാറ്റുപുഴ മേഖലയുടെ സഹായ മെത്രാപ്പോലീത്തയായി തെരഞ്ഞെടുക്കപ്പെട്ട മുവാറ്റുപുഴ വാഴപ്പിള്ളി കരയിൽ കളപ്പുരയില്‍ വന്ദ്യ ഗബ്രിയേല്‍ റമ്പാച്ചനെ 2026 ജൂണ്‍ മാസം 30-ാം തീയതി ചൊവ്വാഴ്ച രാവിലെ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ വെച്ച് ശ്രേഷ്ഠ ബസ്സേലിയോസ് ജോസഫ് കാതോലിക്ക ബാവ മെത്രാപ്പോലീത്തയായി വാഴിക്കും. സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്തമാരും സഹകാര്‍മികരായിരിക്കും.
രാവിലെ 7.00 മണിയ്ക്ക് ശ്രേഷ്ഠ ബാവായേയും അഭി. തിരുമേനിമാരേയും, നിയുക്ത മെത്രാപ്പോലീത്തായേയും, പാത്രിയര്‍ക്കാ സെന്ററില്‍ നിന്ന് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലേയ്ക്ക് ആനയിക്കും. രാവിലെ 7.30 ന് പ്രഭാത നമസ്ക്കാരവും, തുടര്‍ന്ന് വി. കുര്‍ബ്ബാനയും 9.45 ന് മെത്രാഭിഷേക ശുശ്രൂഷയും ആരംഭിക്കും. ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവാ, കാതോലിക്കയായി വാഴിക്കപ്പെട്ട ശേഷം ആദ്യമായി നടത്തുന്ന മെത്രാഭിഷേക ശുശ്രൂഷയെന്ന പ്രത്യേകതയും ഇതിനുണ്ട്.
മെത്രാഭിഷേക വാഴ്ചയ്ക്കു ശേഷം നടക്കുന്ന അനുമോദന സമ്മേളനത്തില്‍ ശ്രേഷ്ഠ ബാവാ അദ്ധ്യക്ഷത വഹിക്കും, മെത്രാപ്പോലീത്താ മാരെ കൂടാതെ മറ്റ് പ്രമുഖരും പങ്കെടുക്കും.

