കോലഞ്ചേരി ● കണ്ടനാട് ഭദ്രാസനത്തിലെ നിർമ്മാണം പുരോഗമിക്കുന്ന കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായും, അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയും സന്ദർശനം നടത്തി.
ദൈവാലയത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ നേരിൽ വിലയിരുത്തിയ അഭിവന്ദ്യ പിതാക്കന്മാർ, നിർമ്മാണത്തിന്റെ പുരോഗതിയിൽ സന്തോഷം രേഖപ്പെടുത്തുകയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വികാരിമാരെയും ട്രസ്റ്റിമാരെയും കമ്മിറ്റിയംഗങ്ങളെയും വിശ്വാസിസമൂഹത്തെയും അഭിനന്ദിക്കുകയും ചെയ്തു.
ദൈവാലയ നിർമാണം വിജയകരമായി പൂർത്തീകരിക്കപ്പെടുന്നതിനായി പ്രത്യേക പ്രാർത്ഥനയും ആശീർവാദവും നൽകുകയും ചെയ്തു. സന്ദർശനം ഇടവകാംഗങ്ങൾക്കും നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളായ ഏവർക്കും ആത്മീയ പ്രചോദനവും അനുഗ്രഹവുമായി മാറി.





