മണർകാട് ● ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ പുതിയ വികാരിയായി വന്ദ്യ കെ. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ കിഴക്കേടത്ത് ചുമതലയേറ്റു. കത്തീഡ്രൽ വികാരിയായിരുന്ന വന്ദ്യ ഇ.ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ ഇട്ട്യാടത്തിന്റെ നിര്യാണത്തെ തുടർന്നാണ് പുതിയ വികാരിയുടെ നിയമനം.
മാലംകരയിൽ കിഴക്കേടത്ത് പരേതരായ കോര ഏബ്രഹാമിന്റെയും ശോശാമ്മ ഏബ്രഹാമിന്റെയും മകനാണ്. 1964-ൽ മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായിൽ വൈദിക വിദ്യാഭ്യാസം പൂർത്തിയാക്കിയ കുര്യാക്കോസ് കോർ എപ്പിസ്കോപ്പ 1964-ൽ കോറൂയോ പട്ടവും 1967-ൽ പൂർണ ശെമ്മാശപട്ടവും 1967 ഫെബ്രുവരി 25-ന് വൈദിക പട്ടവും സ്വീകരിച്ചു. തുടർന്ന് മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ ഇടവക പട്ടക്കാരനും സഹവികാരിയുമായി ചുമതലയേറ്റു.
2001 ജനുവരി 21-ന് കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. 2002 മുതൽ ദീർഘകാലം യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസന സെക്രട്ടറിയായി പ്രവർത്തിച്ചു. കിഴക്കൻ മേഖല മഞ്ഞിനിക്കര കാൽനട തീർത്ഥയാത്ര ആരംഭിക്കുന്നതിന് നേതൃത്വം നൽകി. 25 വർഷം തുടർച്ചയായി തീർത്ഥയാത്രയുടെ ചുമതലക്കാരനുമായിരുന്നു. തീർത്ഥയാത്ര ഗാനങ്ങളും, ഹൂത്തോമോ ഗീതങ്ങളും രചിച്ച് ഈണം നൽകിട്ടുണ്ട്. സഭയുടെ വിവിധ പള്ളികളിൽ വികാരിയായും പ്രവർത്തിച്ചു.
മണർകാട് സെന്റ് മേരീസ് ഹോസ്പിറ്റൽ പ്രസിഡന്റ്, സെൻ്റ് മേരീസ് ഐ.ടി.സി. മാനേജർ, സെന്റ് മേരീസ് സൺഡേ സ്കൂൾ ഇൻസ്പെക്ടർ, വനിതാ സമാജം പ്രസിഡന്റ്, സേവക സംഘം പ്രസിഡന്റ്, ശുശ്രൂഷക സംഘം പ്രസിഡന്റ്, ഹെയിൽ മേരി ലീഗ് വൈസ് പ്രസിഡന്റ്, പ്രോഗ്രാം കോർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു.
