മണർകാട് ● ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരിയും, മലങ്കര യാക്കോബായ സുറിയാനി സഭയിലെ മുതിർന്ന വൈദികനുമായ ഇ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പായുടെ കബറടക്കം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടത്തി. ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ മുഖ്യകാർമ്മികത്വം വഹിച്ചു. സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും സഹകാർമ്മികരായിരുന്നു.
എപ്പോഴും നിറപുഞ്ചിരിയോടെ വിശ്വാസികൾക്കിടയിൽ ആത്മീയ തേജസായി നിറഞ്ഞുനിന്നിരുന്ന “മണർകാടിന്റെ വല്യച്ചൻ” എന്നറിയപ്പെട്ടിരുന്ന കോർ എപ്പിസ്കോപ്പായുടെ വേർപാട് നാടിന്റെ തീരാദുഃഖമായി മാറി. മണർകാട് ഇടവകയിൽ മാത്രമല്ല, നാനാജാതി മതസ്ഥർക്കിടയിലും പൊതുസമൂഹത്തിലും അദ്ദേഹത്തിന് വലിയ സ്വീകാര്യതയും സ്വാധീനവും ഉണ്ടായിരുന്നു. അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങൾ ഒഴുകിയെത്തി.
രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ കോർ എപ്പിസ്കോപ്പായുടെ ഭവനത്തിലും ദൈവാലയത്തിലും എത്തി അന്ത്യോപചാരം അർപ്പിച്ചു. കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു ചെന്നിക്കര മുഖ്യമന്ത്രിയുടെ അനുസ്മരണ സന്ദേശം വായിച്ചു. യേശുക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസത്തിലും പ്രത്യാശയിലും ജീവിച്ച ശ്രേഷ്ഠ വൈദികനായിരുന്നു ഇ.ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജീവിതത്തിലുടനീളം നന്മ വിതച്ചാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞതെന്നും സമൂഹത്തിന് നൽകിയ നന്മകൾ എന്നും നിലനിൽക്കുമെന്നും സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന സർക്കാരിന് വേണ്ടി അന്ത്യോപചാരം അർപ്പിച്ചു. കോട്ടയത്ത് എം.പിയായിരുന്ന കാലം മുതൽ കോർ എപ്പിസ്കോപ്പായുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. എല്ലാവർക്കും സ്നേഹവും സൗഹൃദവും പകർന്നുനൽകിയ മഹാത്മാവായിരുന്നു അദ്ദേഹമെന്നും വിയോഗം നാടിനും സമൂഹത്തിനും വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
യാക്കോബായ സഭയുടെ മെത്രാപ്പോലീത്തമാർ, വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, അൽമായ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സഭ സെക്രട്ടറി ജേക്കബ് സി. മാത്യു, വിവിധ സഭാ-സാമൂഹിക നേതാക്കൾ, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങിയവർ വിവിധ ദിവസങ്ങളിലായി ഭവനത്തിലും ദേവാലയത്തിലും എത്തി അന്ത്യോപചാരം അർപ്പിച്ചു.
വൈദികരുടെ സംസ്കാരക്രമത്തിലെ ആദ്യ അഞ്ചു ക്രമങ്ങൾ ഞായറാഴ്ച ഭവനത്തിൽ നടത്തി. തുടർന്ന് ആറും ഏഴും ക്രമങ്ങൾ ഭവനത്തിനുള്ളിലും എട്ടാം ക്രമം ഭവനാങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലും അഭിവന്ദ്യ പിതാക്കന്മാരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. തുടർന്ന് ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കാവുംപടി, മണർകാട് പള്ളി ജംഗ്ഷൻ, കണിയാംകുന്ന് കുരിശുപള്ളി വഴി മണർകാട് കുരിശുപള്ളിയിലെത്തി. അവിടെ പ്രാർത്ഥനകൾക്ക് ശേഷം കത്തീഡ്രൽ ദേവാലയത്തിലെത്തിച്ച ഭൗതികദേഹത്തിന് ധൂപപ്രാർത്ഥനയും അനുസ്മരണയോഗവും വിടവാങ്ങൽ ശുശ്രൂഷയും നടത്തി.
തുടർന്ന് കരോട്ടെ പള്ളിയിലേക്ക് അനുയാത്രയായി കൊണ്ടുപോയ ഭൗതികദേഹം അവിടെയുള്ള ശുശ്രൂഷകൾക്ക് ശേഷം കബറടക്കി. ധൂപപ്രാർത്ഥനയോടെ സംസ്കാരച്ചടങ്ങുകൾ സമാപിച്ചു.
കോട്ടയം ഭദ്രാസനാധിപനും ഇടവക മെത്രാപ്പോലീത്തയുമായ തോമസ് മോർ തീമോത്തിയോസ്, കോർ എപ്പിസ്കോപ്പായുടെ വിയോഗത്തെ തുടർന്ന് ഇടവകയിൽ 13 ദിവസത്തെ നോമ്പും ദുഃഖാചരണവും പ്രഖ്യാപിച്ചു.










