- ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അനുസ്മരിക്കുന്നു
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദീകനും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ദീർഘകാല വികാരിയുമായിരുന്ന വന്ദ്യ ഇട്ട്യാടത്ത് ഇ.ടി കുര്യാക്കോസ് കോർ എപ്പിസ്കോപ്പ അച്ചൻ സൗമ്യതയുടെയും ആത്മീയ നേതൃത്വത്തിന്റെയും അനുകമ്പയുടെയും ജീവിക്കുന്ന പ്രതിരൂപമായിരുന്നു. അനുഗ്രഹപൂർണവും കർമ്മനിരതവുമായ അദ്ദേഹത്തിന്റെ ധന്യജീവിതം സഭയ്ക്കും സമൂഹത്തിനും ഒരുപോലെ മാതൃകയായി നിലകൊള്ളുന്നു.
പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടുള്ള അചഞ്ചലമായ ഭക്തിയും സത്യവിശ്വാസത്തോടുള്ള അർപ്പണബോധവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിന്റെ മുഖമുദ്ര. വിശ്വാസത്തിലും സഭാഭക്തിയിലും ഒരിക്കലും വ്യതിചലിക്കാതെ ഇടവകയെ നയിച്ച ആത്മീയ വൈദികനായിരുന്നു അദ്ദേഹം. സത്യവിശ്വാസത്തിൽ മണർകാട് പള്ളിയെ ഉറപ്പിച്ചു നിർത്തുന്നതിൽ അദ്ദേഹം നൽകിയ നേതൃത്വം ചരിത്രത്തിന്റെ ഭാഗമാണ്.
മെത്രാപ്പോലീത്തന്മാരോടും വൈദികരോടും സഭാ സ്ഥാനികളോടും വിശ്വാസസമൂഹത്തോടുമെല്ലാം അദ്ദേഹം പുലർത്തിയ സ്നേഹവും കരുതലും അസാധാരണമായിരുന്നു. മണർകാട് ദേശത്തിന് മുഴുവൻ ഒരു പിതാവിന്റെ സ്ഥാനമാണ് അദ്ദേഹം വഹിച്ചിരുന്നത്. അദ്ദേഹത്തെ സമീപിച്ച എല്ലാവർക്കും ലഭിച്ചിരുന്നത് സ്നേഹപൂർണമായ സ്വീകരണവും ആത്മാർത്ഥമായ പരിഗണനയുമായിരുന്നു. പള്ളിയിലെ പൊതുയോഗങ്ങൾ മുതൽ വിവിധ ഭരണപരമായ ഉത്തരവാദിത്വങ്ങൾ വരെ അത്യന്തം വിവേകത്തോടെയും സമചിത്തതയോടെയും കൈകാര്യം ചെയ്ത അദ്ദേഹം എല്ലാവരുടെയും ആദരവും സ്നേഹവും ഒരുപോലെ നേടിയിരുന്നു.
മികച്ചൊരു കർഷകനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്നു അദ്ദേഹം. മണർകാട് സെന്റ് മേരീസ് ഹൈസ്കൂളിലെ അധ്യാപകനായും പിന്നീട് പള്ളി വക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രിയുടെയും മാനേജരായും ദീർഘകാലം സേവനം അനുഷ്ഠിച്ചു. വിവിധ ഭക്തസംഘടനകളുടെ പ്രസിഡന്റായും അയർക്കുന്നം സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവർത്തിച്ച അദ്ദേഹം സമൂഹജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു.
സഭയുടെ ആരാധനാക്രമങ്ങളിലും ശുശ്രൂഷകളിലും അതീവ പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം അനേകം വൈദികർക്കും വിശ്വാസികൾക്കും ഗുരുവും മാർഗദർശിയും ആയിരുന്നു. ദുർഘട സാഹചര്യങ്ങളെപ്പോലും ശാന്തമായൊരു പുഞ്ചിരിയോടെ നേരിടുന്ന അദ്ദേഹത്തിന്റെ മനഃസാന്നിധ്യവും ക്ഷമയും എല്ലാവരെയും ആകർഷിച്ചിരുന്നു.
മണർകാട് പള്ളിയുടെ ആത്മീയവും സ്ഥാപനപരവുമായ വളർച്ചയിൽ അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും. വിശ്വാസസംരക്ഷണത്തിന്റെയും സഭാസ്നേഹത്തിന്റെയും പ്രതീകമായി ജീവിച്ച അദ്ദേഹം, തന്റെ ജീവിതംകൊണ്ട് വിശുദ്ധ പൗലോസ് ശ്ലീഹായുടെ ഈ വാക്കുകൾ അന്വർത്ഥമാക്കി: “ഞാൻ നല്ല പോർ പൊരുതി; ഓട്ടം തികച്ചു; വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അത് നീതിയുടെ ന്യായാധിപതി എനിക്ക് തരും” (2 തിമോത്തി 4:7-8). ആ വിശ്വാസസാക്ഷ്യത്തിന്റെ ഉടമയായ ഒരു ആചാര്യശ്രേഷ്ഠന്റെ ഭൗമിക തീർത്ഥയാത്രയാണ് ഇന്ന് സമാപിക്കുന്നത്. എന്നാൽ അദ്ദേഹം പകർന്ന വിശ്വാസദൃഢതയും സഭാഭക്തിയും സ്നേഹവും സേവനമനോഭാവവും തലമുറകളിലൂടെ തുടർന്നും ജീവിക്കും.
മണർകാട് പള്ളിയുടെ ആത്മീയ പാരമ്പര്യത്തിലും വിശ്വാസജീവിതത്തിലും അനശ്വരമായ ഒരു അധ്യായം രചിച്ച വന്ദ്യ ഇട്ട്യാടത്ത് കുര്യാക്കോസ് കോർ എപ്പിസ്കോപ്പ അച്ചന്റെ വേർപാട് സഭയ്ക്കും സമൂഹത്തിനും തീരാനഷ്ടമാണ്. വിശ്വാസത്തിൽ ഉറച്ചുനിന്ന വന്ദ്യ അച്ചൻ്റെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.


