ഭൂമിയിലെ സകല വംശങ്ങളിൽ നിന്നും ഭാഗ്യങ്ങൾക്ക് യോഗ്യതയുള്ളവളും, വിശുദ്ധിയുള്ളവളും, മഹത്വമുള്ളവളും, വാഴ്ത്തപ്പെട്ടവളും, നിത്യകന്യകയും, ഭാഗ്യവതിയുമായ ദൈവമാതാവായ മറിയാമിനെയാണ് സ്തുതി ചൊവ്വാക്കപ്പെട്ട സുറിയാനി സഭ ആദരിക്കുകയും ബഹുമാനിക്കുകയും മധ്യസ്ഥയായി അംഗീകരിക്കുകയും ചെയ്യുന്നത്.
ആഗസ്റ്റ് 15 -ാം തീയതി വി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളായി (ശൂനോയോ പെരുന്നാൾ) പരിശുദ്ധ സഭ ആചരിക്കുന്നു. വി. ദൈവമാതാവിൻ്റെ സ്വർഗ്ഗാരോഹണത്തെ കുറിച്ച് പരിശുദ്ധ സഭയുടെ പാരമ്പര്യത്തിൽ ഒരുപാട് വിവരണങ്ങളുണ്ട്. പരമ്പരാഗതമായി കൈമാറിപ്പോരുന്ന ഐതിഹ്യങ്ങളുണ്ട്; കഥകളും കവിതകളും പാട്ടുകളുമുണ്ട്. അവയെല്ലാം വിശ്വാസത്തിന്റെ ഭാഗമായി നിലനിൽക്കുമ്പോഴും വി. ദൈവമാതാവിൻ്റെ ജീവിതം നമ്മുടെ മുന്നിൽ വരച്ചുകാട്ടുന്ന അനേകം സന്ദേശങ്ങളുണ്ട്. ദൈവഹിതത്തിനു മുമ്പിൽ മറ്റെല്ലാം അവഗണിക്കുന്ന ഒരാൾക്ക് ഇഹലോകത്തിലും പരലോകത്തിലും ആദരവുണ്ട്. ഇഹലോകത്ത് ദൈവീകമായ നിയോഗം ഏറ്റെടുക്കാൻ മനസ്സുവയ്ക്കുന്ന ഒരു വിശ്വാസിക്ക് സ്വയം ത്യജിക്കാനും, മറ്റുള്ളവരുടെ നന്മയെ പ്രതി എല്ലാമെല്ലാമായിത്തീരാനും കഴിയണം. സാഹസികമായ ഒരു ഗർഭധാരണത്തിനു മുതിരുമ്പോഴും ലോകത്തിൻ്റെ രക്ഷകനെ നൽകാനുള്ള അടങ്ങാത്ത ആഗ്രഹം അവളിലുണ്ടായിരുന്നതുകൊണ്ടാണ് വി. കന്യക മറിയം പ്രതിസന്ധികളെ വകവയ്ക്കാതിരുന്നത്.
ദൈവമാതാവായ വി. കന്യകമറിയം നമ്മുടെ സ്വർഗ്ഗീയ മധ്യസ്ഥയാണ്. ദൈവകൃപയുടെ സഞ്ചാരപഥമാണ്. മനുഷ്യജീവിതത്തിന്റെ ആശയും അഭിലാഷവുമാണ്. ദൈവമാതാവായ പരിശുദ്ധ കന്യക മർത്തമറിയം അമ്മയുടെ മധ്യസ്ഥത നമുക്ക് കോട്ടയായിരിക്കട്ടെ.
വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ച് മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ദൈവാലയങ്ങളിൽ വിശുദ്ധ കുർബ്ബാനയും വി. ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയും ഭക്ത്യാദരപൂർവ്വം നടന്നു.

