മണർകാട് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദീകനും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരിയുമായ വന്ദ്യ ഈ.ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ ഇട്ട്യാടത്ത് (96) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം പിന്നീട്.
1929 ഡിസംബർ 5-ന് ജനിച്ച അദ്ദേഹം 20-ാം വയസ്സിൽ പുണ്യശ്ലോകനായ മീഖായേൽ മോർ ദീവന്നാസ്യോസ് മെത്രാപ്പോലീത്തയിൽ നിന്ന് ശെമ്മാശപട്ടം സ്വീകരിച്ചു. തുടർന്ന് പുണ്യശ്ലോകനായ പൗലോസ് മോർ പീലക്സിനോസ് മെത്രാപ്പോലീത്തയിൽ നിന്ന് കശ്ശീശപ്പട്ടവും സ്വീകരിച്ചു. പിന്നീട് പുണ്യശ്ലോകനായ പെരുമ്പള്ളിൽ ഗീവർഗീസ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ തൃക്കരങ്ങളാൽ കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു.
പഴയിടത്തുവയലിൽ മാത്യൂ പി. ഏലിയാസ് കോർ എപ്പിസ്കോപ്പായുടെ നിര്യാണത്തെ തുടർന്ന് മണർകാട് കത്തീഡ്രൽ വികാരിയായി ചുമതലയേറ്റു. ദീർഘകാലം പള്ളി വക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, ഹോസ്പിറ്റലിന്റെയും മാനേജർ, ഭക്തസംഘടനകളുടെ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സഭാജീവിതത്തിലും സാമൂഹിക-വിദ്യാഭ്യാസ മേഖലകളിലും നൽകിയ സമർപ്പിത സേവനങ്ങൾ അദ്ദേഹത്തെ വിശ്വാസിസമൂഹത്തിന്റെ പ്രിയങ്കരനാക്കി.
സഹധർമ്മിണി : അന്നമ്മ കുര്യാക്കോസ്. മക്കൾ: പ്രൊഫ. ഡോ. ഇ.കെ. തോമസ് (റിട്ട. വകുപ്പ് മേധാവി, അഗ്രികൾച്ചറൽ ഇക്കണോമിക്സ് വിഭാഗം, കേരള കാർഷിക സർവകലാശാല), പ്രൊഫ. ഡോ. ഇ.കെ. മാത്യു (റിട്ട. രജിസ്ട്രാർ, കേരള കാർഷിക സർവകലാശാല), പ്രൊഫ. ഇ.കെ. കുര്യാക്കോസ് (റിട്ട. പ്രിൻസിപ്പൽ, സെന്റ് മേരീസ് കോളജ്, മണർകാട്), ഇ.കെ. ഏലിയാമ്മ, ഇ.കെ. അന്നമ്മ.
മരുമക്കൾ: ലൈലമ്മ തോമസ്, റജീന ജോർജ് (റിട്ട. ബി.പി.സി.എൽ.), പരേതനായ സുകു ചുങ്കത്ത്, പ്രൊഫ. ഡോ. ഇ.വി. നൈബി (റിട്ട. ഡയറക്ടർ, അക്കാദമിക് ആൻഡ് പി.ജി. സ്റ്റഡീസ്, കേരള കാർഷിക സർവകലാശാല), മേരി ജോൺ.
വന്ദ്യ ഈ.ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പായ്ക്ക് മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആദരാഞ്ജലികൾ.
