പെരുമ്പാവൂർ ● പൗരസ്ത്യ സുവിശേഷ സമാജത്തിന്റെ (ഇ.എ.ഇ.) ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സെന്റ് തോമസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ടെക്നോളജിയുടെ (STIMT) പ്രവർത്തനോദ്ഘാടനം നടന്നു. മോർ ബസേലിയോസ് കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ഡോ. സെലിയമ്മ കുരുവിള ആദ്യ വിദ്യാർത്ഥിക്ക് പ്രോസ്പെക്ടസും അപേക്ഷാഫോറവും കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
മെഡിക്കൽ ടെക്നോളജി മേഖലയിലെ വർധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികൾക്ക് മുന്നിലുള്ള വിപുലമായ തൊഴിൽസാധ്യതകളെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു. ആരോഗ്യരംഗത്ത് സാങ്കേതിക വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് വർധിച്ചുവരുന്ന ആവശ്യകതയെ മുൻനിർത്തി ഗുണമേന്മയുള്ള പരിശീലനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അവർ ചൂണ്ടിക്കാട്ടി.
പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്രിസോസ്റ്റമോസ് മർക്കോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ഇ.എ.ഇ. ഭാരവാഹികൾ, സെന്റ് തോമസ് അനാഥാലയ മാനേജ്മെന്റ് പ്രതിനിധികൾ, പെരുമ്പാവൂർ മുനിസിപ്പൽ കൗൺസിലർ ശ്രീമതി സുഹറ മുഹമ്മദ്, വൈദികർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ആരോഗ്യരംഗത്തിന് പ്രഗത്ഭരായ മെഡിക്കൽ ടെക്നോളജി വിദഗ്ധരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം ആരംഭിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. വിദ്യാർത്ഥികൾക്ക് ആധുനികവും തൊഴിലധിഷ്ഠിതവുമായ ഗുണമേന്മയുള്ള വിദ്യാഭ്യാസവും പ്രായോഗിക പരിശീലനവും ഉറപ്പാക്കി തൊഴിൽമേഖലയിൽ മികച്ച അവസരങ്ങൾ സൃഷ്ടിക്കുകയെന്നതാണ് സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യമെന്നും സംഘാടകർ വ്യക്തമാക്കി.


