കടയ്ക്കനാട് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഭദ്രാസനത്തിലെ അഞ്ച് വൈദിക സെമിനാരി വിദ്യാർത്ഥികൾ കോറൂയോ പട്ടം സ്വീകരിക്കുന്നു. കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ തൃക്കരങ്ങളാൽ ജൂൺ 12 വെള്ളിയാഴ്ച രാവിലെ 7 മണിക്ക് കടയ്ക്കനാട് ബസേലിയോസ് പൗലോസ് ദ്വിതീയൻ സെന്ററിലെ സെന്റ് ജോർജ്ജ് അരമന കത്തീഡ്രലിലാണ് ശുശ്രൂഷ നടക്കുന്നത്.
വെട്ടിക്കൽ വൈദിക സെമിനാരിയിലെ മൂന്നാം വർഷ പഠനം പൂർത്തിയാക്കി അവസാന വർഷത്തിലേക്ക് പ്രവേശിക്കുന്ന താഴെ പറയുന്ന വിദ്യാർത്ഥികളാണ് കോറൂയോ പട്ടം സ്വീകരിക്കുന്നത്:
- തോമസ് പോൾ: വെട്ടിത്തറ മോർ മിഖായേൽ യാക്കോബായ സുറിയാനി വലിയ പള്ളി ഇടവകാംഗമായ അമ്പാട്ട് കാവനപറമ്പിൽ (തറയാനിയിൽ) പോൾ ജോർജ്-ബീന പോൾ ദമ്പതികളുടെ മകൻ. കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
- ബേസിൽ മത്തായി: മണ്ണത്തൂർ സെന്റ് ജോർജ്ജസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ കളരിക്കൽ മത്തായി-ബിജി ദമ്പതികളുടെ മകൻ. ബി.കോം ബിരുദധാരിയാണ്.
- ആൽവിൻ ജോൺ ജോസഫ്: കാരിക്കോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ കയ്യാലപ്പറമ്പിൽ ജോസഫ്-മോളി ദമ്പതികളുടെ മകൻ. ഇംഗ്ലീഷിൽ ബിരുദവും ബി.എഡും നേടിയിട്ടുണ്ട്.
- ബെൽബിൻ ജോസ്: വടകര സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി ഇടവകയിലെ പൂവത്തിങ്കൽ കുടുംബത്തിൽ ജോസ് മാത്യു-മിനി ദമ്പതികളുടെ മകൻ. മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദവും ബി.എഡും കരസ്ഥമാക്കിയിട്ടുണ്ട്.
- ജെവിൻ പോൾ ബിജു (പൗലോസ്കുട്ടി): മണ്ണത്തൂർ സെന്റ് ജോർജ്ജസ് യാക്കോബായ സുറിയാനി പള്ളി ഇടവകയിലെ നെടുംതടത്തിൽ കുടുംബാംഗം. മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് കോമേഴ്സിൽ ബിരുദം നേടിയിട്ടുണ്ട്.
