മാറത്തഹള്ളി ● ബാംഗ്ലൂർ ഭദ്രാസനത്തിലെ മാറത്തഹള്ളി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഭക്തിസാന്ദ്രമായി സമാപിച്ചു. പെരുന്നാൾ ശുശ്രൂഷകൾക്ക് ബാംഗ്ലൂർ-മൈലാപ്പൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു.
പുനർനിർമ്മിക്കുന്ന ദൈവാലയത്തിന്റെ അടിസ്ഥാന ശിലാസ്ഥാപനവും പെരുന്നാളിനോടനുബന്ധിച്ച് നടന്നു. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ബാംഗ്ലൂർ ശ്ലൈഹിക സന്ദർശന വേളയിൽ ആശീർവദിച്ച ശിലയാണ് അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത ദൈവാലയത്തിന്റെ അടിസ്ഥാന ശിലയായി സ്ഥാപിച്ചത്. വികാരി ഫാ. എൽദോ ജോൺ വണ്ടാനത്ത് സഹകാർമികനായിരുന്നു. ഡീക്കന്മാരായ ടെസൻ തോമസ്, ജോസഫ് ജോൺ, മാത്യു ഈരാളിൽ, ഗ്രിഗറി എസ്. പുലയത്ത് എന്നിവർ ശുശ്രൂഷകളിൽ സംബന്ധിച്ചു.
പെരുന്നാളിനോടനുബന്ധിച്ച് ശനിയാഴ്ച വൈകിട്ട് അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥനയും സുവിശേഷ പ്രസംഗവും നടന്നു. ഞായറാഴ്ച അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബ്ബാനയ്ക്കു ശേഷം അനുമോദന സമ്മേളനം സംഘടിപ്പിച്ചു.
ബാംഗ്ലൂർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ, ഭദ്രാസന പരിധിയിലെ വിവിധ പള്ളികളിൽ നിന്നുള്ള സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉൾപ്പെടെയുള്ള വിവിധ സിലബസുകളിലെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ‘മകബലൂനോസോ–2026’ അനുമോദന സമ്മേളനവും ചടങ്ങിന്റെ ഭാഗമായി നടന്നു. വിജയികളായ വിദ്യാർത്ഥികൾക്ക് അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു.
തുടർന്ന് നടന്ന പ്രദക്ഷിണം, ശിലാസ്ഥാപന ശുശ്രൂഷകൾ, ആദ്യഫല പെരുന്നാൾ ലേലം, ആശീർവാദം, നേർച്ചവിളമ്പ്, കൊടിയിറക്കം എന്നീ ചടങ്ങുകളോടെ പെരുന്നാൾ സമാപിച്ചു.
പള്ളി വൈസ് പ്രസിഡന്റ് ബിനോയ് കെ.പി, സെക്രട്ടറി ജെറിൻ വർഗീസ്, ട്രഷറർ ദീപ ജെം, സെന്റ് ജോർജ് ട്രസ്റ്റ് വൈസ് പ്രസിഡന്റ് ജിനു ജോസ്, സെക്രട്ടറി എൽദോസ് എം. പോൾ, ട്രഷറർ റെന്നി തോമസ് എന്നിവരും ഭരണസമിതി അംഗങ്ങളും പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ബാംഗ്ലൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിശ്വാസികൾ പെരുന്നാൾ ശുശ്രൂഷകളിൽ പങ്കെടുത്തു.







