കോട്ടയം ● ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് മേരീസ് ഹോസ്പിറ്റലിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ ഒ.പി.ഡി. (ഓപ്പൺ പേഷ്യന്റ് ഡിപ്പാർട്ട്മെന്റ്) ബ്ലോക്കിന്റെ കൂദാശ കർമ്മം നടന്നു.
ഇന്ന് രാവിലെ നടന്ന ചടങ്ങിൽ കോട്ടയം ഭദ്രാസനാധിപനും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു.
രോഗികൾക്ക് കൂടുതൽ വേഗത്തിലും സുഗമമായും മികച്ച ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഒ.പി.ഡി. ബ്ലോക്ക് സജ്ജമാക്കിയിരിക്കുന്നത്. വിശാലമായ കാത്തിരിപ്പ് കേന്ദ്രം, അത്യാധുനിക കൺസൾട്ടേഷൻ മുറികൾ, വിപുലമായ ഒ.പി. സൗകര്യങ്ങൾ എന്നിവ പുതിയ മന്ദിരത്തിന്റെ പ്രധാന പ്രത്യേകതകളാണ്.
ചടങ്ങിൽ മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഫിലിപ്പ്, വൈസ് പ്രസിഡന്റ് കെ.കെ. തോമസ് കുന്നേൽ, ഹോസ്പിറ്റൽ മാനേജർ ഫാ. ഗീവർഗീസ് നടുമുറിയിൽ, ഹോസ്പിറ്റൽ സെക്രട്ടറി രഞ്ജിത്ത് കെ. ഏബ്രഹാം കാരക്കാട്ട് എന്നിവർ പങ്കെടുത്തു.
മണർകാട് പള്ളി സഹവികാരിമാരായ ഫാ. കെ. കുര്യാക്കോസ് കാലായിൽ, ഫാ. എം.ഐ. തോമസ് മറ്റത്തിൽ, ഫാ. കുര്യൻ മാത്യു വടക്കേപറമ്പിൽ, ഫാ. സനോജ് കരോട്ടെക്കുറ്റ്, ഫാ. ലിറ്റൂ ജേക്കബ് തണ്ടാശ്ശേരിയിൽ എന്നിവരും കത്തീഡ്രൽ ട്രസ്റ്റിമാരായ ഇ.വി. കുര്യാക്കോസ് ഇടച്ചേരിയിൽ, ബിജു വർഗീസ് കന്നുകുഴിയിൽ, സ്കറിയാച്ചൻ പി.എ. പള്ളത്ത്, കത്തീഡ്രൽ സെക്രട്ടറി തോമസ് ഉമ്മൻ പള്ളത്തറ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഹോസ്പിറ്റൽ ഗവേണിംഗ് ബോർഡ് അംഗങ്ങൾ, വകുപ്പ് മേധാവികൾ, ഡോക്ടർമാർ, ജീവനക്കാർ, ഇടവകാംഗങ്ങൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പുതിയ ഒ.പി.ഡി. ബ്ലോക്ക് പ്രവർത്തനസജ്ജമാകുന്നതോടെ പൊതുജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ടതും വേഗത്തിലുള്ളതുമായ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.






