മുംബൈ ● തന്റെ ഏകജാതനായ പുത്രനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ച ദൈവം തന്നെയാണ് മനുഷ്യനെയും പ്രകൃതിയെയും സൃഷ്ടിച്ചതെന്നും, അതുകൊണ്ടുതന്നെ പ്രകൃതിയെ സ്നേഹിക്കാനും പരിപാലിക്കാനും ഓരോ മനുഷ്യനും ഉത്തരവാദിത്വമുണ്ടെന്നും അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പറഞ്ഞു.
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ മുംബൈ ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയായി ചുമതലയേൽക്കുന്നതിനോടനുബന്ധിച്ച് നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത. മരം പ്രകൃതിയുടെ വരദാനമാണ്. യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ വൃക്ഷങ്ങൾ അനേകർക്ക് തണൽ നൽകുന്നതു പോലെ, ഓരോ വിശ്വാസിയും മറ്റുള്ളവർക്ക് തണൽ ഒരുക്കുന്നവരായി മാറണമെന്ന് മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചു.
ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വൃക്ഷത്തൈ നട്ടതിന് ശേഷമാണ് മെത്രാപ്പോലീത്ത ഔദ്യോഗികമായി ചുമതലയേറ്റത്. നവിമുംബൈ വിമാനത്താവളത്തിൽ എത്തിച്ചേർന്ന മെത്രാപ്പോലീത്തയെ ഭദ്രാസന ഭാരവാഹികളുടെ നേതൃത്വത്തിൽ അനേക വാഹനങ്ങളുടെ അകമ്പടിയോടെ അരമനയിലേക്ക് സ്വീകരിച്ചാനയിച്ചു. ചാപ്പലിൽ പ്രാർഥനയ്ക്ക് ശേഷം നടന്ന സ്വീകരണ സമ്മേളനത്തിൽ ഭദ്രാസന സെക്രട്ടറി ഫാ. ബിനോയ് നെല്ലിക്കതുരുത്തേൽ അധ്യക്ഷനായി. അഡ്വ. പി.പി. ജിമ്മി, ടി.എ. ജോർജുകുട്ടി, ഫാ. എൽദോ കോടിയാട്ടിൽ, എം. തോമസ് എന്നിവർ ആശംസകൾ നേർന്നു.

