കിഴക്കമ്പലം ● ആഗോള മാർത്തോമൻ തീർത്ഥാടന കേന്ദ്രമായ പള്ളിക്കര മലേക്കുരിശ് പള്ളിയിൽ മോർ തോമാശ്ലീഹായുടെയും, മോർ ഗീവർഗീസ് സഹദായുടെയും, ചാത്തുരുത്തിൽ മോർ ഗ്രിഗോറിയോസ് തിരുമേനിയുടെയും ഓർമ്മപ്പെരുന്നാളിന് കൊടിയേറി. വൈദികരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ കത്തീഡ്രൽ വികാരി ഫാ. ബാബു വർഗീസിന്റെ നേതൃത്വത്തിൽ കൊടിയേറ്റ് നിർവഹിച്ചു.
സമീപ പ്രദേശങ്ങളിലെ ഇരുപതോളം പള്ളികളിൽ നിന്നും കുരിശു പള്ളികളിൽ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികൾ കാൽനടയായി മലേക്കുരിശ് പള്ളിയിൽ എത്തി. അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ
കാൽനട തീർത്ഥാടകർക്ക് സ്വീകരണം നൽകി. പള്ളി വികാരി ഫാ. ബാബു വർഗീസ്, സഹവികാരിമാരായ ഫാ. എബി ബാബു, ഫാ. ജോൺ സാജു, തീർത്ഥയാത്ര ജനറൽ കൺവീനർ ഫാ. ഹെനു തമ്പി, ട്രസ്റ്റിമാരായ സി.പി ജോർജ്, എലിയാസ് ജോസഫ്, പെരുന്നാൾ ജനറൽ കൺവീനർ എം.പി പൈലി, പബ്ലിസിറ്റി കൺവീനർ ജോളി ജോസഫ്, തീർത്ഥയാത്ര കൺവീനർമാരായ സാം ചെറിയാൻ, എബിൻ എബ്രഹാം തുടങ്ങിയവർ സന്നിഹിതരായി. തുടർന്ന് സന്ധ്യാപ്രാർത്ഥനയും, തീർത്ഥാടകർക്ക് നേർച്ച കഞ്ഞി വിതരണവും നടന്നു.
നാളെ മെയ് 9 ശനി രാവിലെ7-ന് പ്രഭാത പ്രാർത്ഥന, 8-ന് വന്ദ്യ ഗബ്രിയേൽ റമ്പാൻ്റെ മുഖ്യ കാർമികത്വത്തിൽ വി. കുർബ്ബാന എന്നിവ നടക്കും. വൈകിട്ട് 6.30-ന് സന്ധ്യാപ്രാർത്ഥനയ്ക്ക് അഭിവന്ദ്യ മോർ അന്തോണിയോസ് യാക്കോബ് മെത്രാപ്പോലീത്ത നേതൃത്വം നൽകും. തുടർന്ന് നേത്രദാനം ചെയ്തവരുടെ കുടുംബാംഗങ്ങളെ ആദരിക്കും. ചക്കാലമുകൾ കുരിശുപള്ളിയിലേക്കുള്ള പ്രദക്ഷിണം, നേർച്ച സദ്യ എന്നിവയുണ്ടാകും.
പ്രധാനപ്പെരുന്നാൾ ദിവസമായ മെയ് 10 ഞായറാഴ്ച രാവിലെ 7 30-ന് പ്രഭാത പ്രാർത്ഥന, 8.30-ന് വി. മൂന്നിന്മേൽ കുർബ്ബാനയ്ക്ക് അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് പള്ളിയുടെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന ‘സ്നേഹഭവനം-2025’ ഭവനത്തിന്റെ താക്കോൽ കൈമാറൽ നടക്കും. 11-ന് നേർച്ചസദ്യ ആരംഭിക്കും. പതിനയ്യായിരത്തിലധികം പേർക്കാണ് ഇത്തവണ നേർച്ച സദ്യ ഒരുക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.

