പുണ്യശ്ലോകനായ മോർ ഈവാനിയോസ് ഫിലിപ്പോസ് മെത്രാപ്പോലീത്തായുടെ (1924-1988) 38-ാമത് ദുഃഖറോനോ പെരുന്നാൾ പരിശുദ്ധ സഭ മെയ് 8-ന് ആചരിക്കുന്നു.
പാമ്പാടി വെള്ളൂർ പറപ്പള്ളിൽ കുടുംബത്തിൽ ചാക്കോ ചെറിയാൻറെയും ശോശാമ്മയുടെയും പുത്രനായി 1924 മെയ് 24-ന് ഫിലിപ്പോസ് ജനിച്ചു. തിരുവനന്തപുരം മാർ ഈവാനിയോസ്, ചങ്ങനാശ്ശേരി എസ്. ബി. കോളേജുകളിലായിരുന്നു വിദ്യാഭ്യാസം. മാന്നാനം ട്രെയിനിംഗ് കോളേജിൽ നിന്ന് ബി.എഡ്. ബിരുദം നേടിയ അദ്ദേഹം ഏറെക്കാലം അധ്യാപകനായിരുന്നു. പൗരസ്ത്യ സുവിശേഷ സമാജത്തിൻ്റെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം തിരുവഞ്ചൂർ പി. ഇ. എം. സ്കൂളിന്റെ സ്ഥാപനത്തിനു മുൻനിരയിൽ പ്രവർത്തിച്ചു.
1949-ൽ അഭിവന്ദ്യ മോർ ദീവന്നാസിയോസ് മീഖായേൽ തിരുമേനിയിൽനിന്ന് ശെമ്മാശ പട്ടവും 1953-ൽ മോർ ക്ലീമീസ് എബ്രാഹം മെത്രാപ്പോലീത്തായിൽ നിന്ന് കശ്ശീശാപട്ടവും സ്വീകരിച്ചു. 1954-ൽ കോട്ടയം ഭദ്രാസന സെക്രട്ടറിയായും അതേ വർഷം അഖില മലങ്കര സിറിയൻ ക്രിസ്ത്യൻ ലീഗ് ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
1959-ൽ അന്ത്യോഖ്യൻ മൂവ്മെൻ്റ് വൈസ് പ്രസിഡന്റായും പൗരസ്ത്യ സുവിശേഷ സമാജം മാനേജിംഗ് കമ്മറ്റിയംഗമായി പല പ്രാവശ്യവും പ്രവർത്തിച്ചു. 1964-ൽ കോട്ടയം ഭദ്രാസന വൈദികയോഗം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കുറിച്ചി സെൻ്റ് മേരീസ് മിഷ്യൻ ഹോസ്പിറ്റൽ ആരംഭിച്ചത് ഇദ്ദേഹമാണ്. മെത്രാപ്പോലീത്തയായി വാഴിക്കപ്പെടുന്നതുവരെ ആശു പത്രി ഡയറക്ടറായി പ്രവർത്തിച്ചു.
തിരുവഞ്ചൂർ പി.ഇ.എം, കേളകം സെൻ്റ് തോമസ്, കണ്ടനാട് സെൻ്റ് മേരീസ് എന്നീ ഹൈസ്കൂളുകളിൽ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചു. വെള്ളൂർ സെന്റ് തോമസ്, കേളകം സെൻറ് തോമസ്, കുറിച്ചി പുത്തൻപള്ളി തുടങ്ങിയ ദൈവാലയങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1978-ൽ കുറിച്ചി പുത്തൻ പള്ളിയിൽ വച്ച് അഭിവന്ദ്യ യാക്കോബ് മോർ യൂലിയോസ് തിരുമേനി റമ്പാൻ സ്ഥാനം നൽകി. 1979 ഏപ്രിൽ 19-ന് ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ വെള്ളൂർ സെൻ്റ് സൈമൺസ് പള്ളിയിൽ വച്ച് മെത്രാപ്പോലീത്തയായി അദ്ദേഹത്തെ വാഴിച്ചു. അഭിവന്ദ്യ യാക്കോബ് മോർ തീമോത്തിയോസ് (ത്യക്കോതമംഗലം), അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് (മുളന്തുരുത്തി വെട്ടിക്കൽ സെമിനാരി) എന്നീ പിതാക്കൻമാരും അഭിവന്ദ്യ തിരുമേനിയോടൊപ്പമാണ് മേൽപ്പട്ട സ്ഥാനം ഏറ്റത്.
ആദ്യം ഇടുക്കി ഭദ്രാസനാധിപനായും പിന്നീട് ബാംഗ്ലൂർ കേന്ദ്രമാക്കി (ദക്ഷിണ മേഖല) ബാഹ്യ കേരള ഭദ്രാസനാധിപനായും ചുമതല വഹിച്ചു. 1982-ൽ കണ്ടനാട് ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയായി ചുമതലയേറ്റ തിരുമേനിയുടെ ആസ്ഥാനം പിറവം സെമിനാരിയിലായിരുന്നു. കണ്ടനാട് ഭദ്രാസന ഭരണം നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ തിരുമേനി പ്രമേഹരോഗത്തെ തുടർന്ന് ചികിത്സയിലാകുകയും അവസാന രണ്ടുവർഷം വിശ്രമജിവിതം നയിക്കുകയും ചെയ്തു. 1988 മെയ് 8-ന് 64-ാം വയസ്സിൽ മെത്രാപ്പോലീത്ത കാലംചെയ്തു. പാമ്പാടി വെള്ളൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ കബറടക്കപ്പെട്ടു.
