മണ്ണത്തൂർ ● കണ്ടനാട് ഭദ്രാസനത്തിലെ പുതുതായി നിർമ്മിച്ച മണ്ണത്തൂർ സെൻ്റ് ജോർജ്ജസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ ഇന്ന് മെയ് 2 ശനിയാഴ്ച നടക്കും. വൈകിട്ട് 5-ന് ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്കും, മെത്രാപ്പോലീത്തമാർക്കും ആത്താനിക്കൽ കുരിശുംതൊട്ടിയിൽ സ്വീകരണം നൽകും. തുടർന്ന് 6 മണിക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ മൂറോൻ അഭിഷേക കൂദാശയ്ക്ക് അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ഈവാനിയോസ് മാത്യൂസ്, ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ്, മോർ അഫ്രേം മാത്യൂസ്, മോർ ക്ലീമീസ് കുര്യാക്കോസ് എന്നിവർ സഹകാർമികത്വം വഹിക്കും. 9.30-ന് ആശിർവാദം, നേർച്ചസദ്യ എന്നിവ നടക്കും.
176-ാമത് പ്രധാനപ്പെരുന്നാളും മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും, വി. ആദായി-അബ്ഹായി ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാളും മെയ് 3, 4, 5, 6 തീയതികളിൽ നടത്തപ്പെടും.
ശിലാസ്ഥാപന പെരുന്നാൾ ദിവസമായ നാളെ മെയ് 3 ഞായർ രാവിലെ 7 മണിക്ക് പ്രഭാത പ്രാർത്ഥന, 8 മണിക്ക് വി. മൂന്നിന്മേൽ കുർബാന എന്നിവ നടക്കും.
അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ഈവാനിയോസ് മാത്യൂസ്, മോർ അഫ്രേം മാത്യൂസ്, മോർ തീമോത്തിയോസ് മാത്യൂസ് എന്നിവർ കാർമികത്വം വഹിക്കും. 10-ന് പ്രസംഗം, 10.30-ന് ആശിർവാദം, നേർച്ച, വൈകിട്ട് 7-ന് സന്ധ്യാപ്രാർത്ഥന, 8.30-ന് ആശിർവാദം എന്നിവ നടക്കും.
മെയ് 4, 5 തീയതികളിൽ രാവിലെ 6.30-ന് പ്രഭാത പ്രാർത്ഥന, 7.30-ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന, വൈകിട്ട് 7-ന് സന്ധ്യാപ്രാർത്ഥന തുടർന്ന് പ്രദക്ഷിണം
10.30-ന് ആശിർവാദം, നേർച്ചസദ്യ എന്നിവ ഉണ്ടാകും.
പ്രധാനപ്പെരുന്നാൾ ദിനമായ മെയ് 6 ബുധൻ രാവിലെ 7.30-ന് പ്രഭാത പ്രാർത്ഥന, 8.30-ന് അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന, 10-ന് പ്രസംഗം എന്നിവ നടക്കും. 10.30-ന് സ്ലീബ എഴുന്നള്ളിപ്പ്, 11-ന് പ്രദക്ഷിണം, 11.45-ന് ആശിർവാദം, 12-ന് നേർച്ച സദ്യ, 1.30-ന് കൊടിയിറക്കോടടെ പെരുന്നാൾ സമാപിക്കും.
പ്രധാനപ്പെരുന്നാൾ ആഘോഷങ്ങളിൽ വെടിക്കെട്ട് ഒഴിവാക്കും. ആഘോഷങ്ങൾ കുറച്ച് ഇടുക്കി നാരകത്തിനടുത്തുണ്ടായ ജീപ്പ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മണ്ണത്തൂർ കാക്കയാനിക്കൽ സാജന്റെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ സഹായം നൽകുമെന്നും ഭാരവാഹികളറിയിച്ചു. പെരുന്നാൾ ചടങ്ങുകൾക്ക് വികാരി ഫാ. വർഗീസ് പുല്ല്യാട്ടേൽ, ട്രസ്റ്റിമാരായ സാജു കെ. പോൾ കുറ്റിച്ചിറയിൽ, ജിൻ്റോ കുര്യൻ മലേക്കുടിയിൽ, സെക്രട്ടറി ബെന്നി പൈലി നെടുന്തടത്തിൽ എന്നിവർ നേതൃത്വം നൽകും.
ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
