വടക്കൻ പറവൂർ ● അങ്കമാലി ഭദ്രാസനത്തിലെ അതിപുരാതനമായ വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന പരിശുദ്ധ അബ്ദുൽ ജലീൽ മോർ ഗ്രിഗോറിയോസ് ബാവായുടെ 345-ാം ശ്രാദ്ധപ്പെരുന്നാളിന് അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തിൽ വികാരിമാരായ ഫാ. എൽദോ വർഗീസ് കുളങ്ങര, ഫാ. ഡോൺ പോൾ താടിക്കാരൻ എന്നിവർ ചേർന്ന് കൊടിയേറ്റി.
തുടർന്ന് സന്ധ്യാപ്രാർത്ഥന, മദ്ധ്യസ്ഥ പ്രാർത്ഥന, പരിശുദ്ധ ബാവയുടെ നാമത്തിൽ പെരുമ്പടന്നയിൽ സ്ഥാപിച്ചിട്ടുള്ള കുരിശിൻ തൊട്ടിയിലേക്കും മംഗലത്തുപറമ്പിൽ സ്ഥാപിച്ചിട്ടുള്ള കുരിശിങ്കലേക്കും പ്രദക്ഷിണം എന്നിവ നടന്നു.
ശനിയാഴ്ച നടന്ന വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനയ്ക്ക് വന്ദ്യ കൗമാ റമ്പാൻ മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥന, വൈകിട്ട് സന്ധ്യാപ്രാർത്ഥന, സൺഡേ സ്കൂളിന്റെയും ഭക്ത സംഘടനകളുടെയും സംയുക്ത വാർഷികം എന്നിവ നടന്നു.
ഇന്ന് ഏപ്രിൽ 26 ഞായർ രാവിലെ 7-ന് പ്രഭാത പ്രാർത്ഥന, 8-ന് വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാന എന്നിവ നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് പരിശുദ്ധ ബാവാ ഉപയോഗിച്ചിരുന്ന കാസാക്കൂട്ടവും, കാപ്പാക്കൂട്ടവും കഴുത്തിലണിഞ്ഞിരുന്ന സ്ലീബായും, അടക്കം ചെയ്ത അരുളിയ്ക്കായും, പള്ളി സാമാനങ്ങളും മേമ്പൂട്ടിൽ നിന്ന് പള്ളിയിലേക്ക് ആഘോഷമായി എടുത്തുവയ്ക്കും. വൈകിട്ട് 6-ന് സന്ധ്യാപ്രാർത്ഥന, 7-ന് പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തുന്ന കാൽനട തീർഥാടകരെ അഭിവന്ദ്യ മെത്രാപ്പോലീത്തമാരും വൈദികരും വിശ്വാസികളും ചേർന്നു സ്വീകരിക്കും. തുടർന്ന് 7.30-ന് സൂത്താറ പ്രാർത്ഥന, 8-ന് പ്രദക്ഷിണം, ആശിർവാദം എന്നിവ നടക്കും.
പ്രധാനപ്പെരുന്നാൾ ദിനമായ ഏപ്രിൽ 27 തിങ്കൾ രാവിലെ 6-ന് പ്രഭാത പ്രാർത്ഥന, 6.30-ന് കബറിങ്കൽ വിശുദ്ധ കുർബ്ബാന, 9-ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന എന്നിവ നടക്കും. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വവും, അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത എന്നിവർ സഹകാർമികത്വവും വഹിക്കും. 10.45-ന് കമ്പറിങ്കൽ ധൂപപ്രാർത്ഥന, 11.30-ന് പ്രദക്ഷിണം, പരി. ബാവായോടുള്ള സമർപ്പണ പ്രാർത്ഥന എന്നിവ ഉണ്ടാകും. ഉച്ചയ്ക്ക് 12-ന് നേർച്ചസദ്യ ആരംഭിക്കും. വൈകിട്ട് 5 -ന് പെരുന്നാൾ സമാപനവും കൊടിയിറക്കലും നടക്കും.




