പുത്തൻകുരിശ് ● സപ്തതിയുടെ നിറവിലായിരിക്കുന്ന സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പ്രാർത്ഥനാശംസകൾ നേർന്നു.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഉറ്റ സുഹൃത്തായ മാർ തട്ടിൽ പിതാവ്, സഭകൾ തമ്മിലുള്ള സ്നേഹബന്ധം ഊട്ടിയുറപ്പിക്കുന്നതിലും ക്രൈസ്തവ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിലും എന്നും മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിത്വമാണെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. സഭ നേരിട്ട പ്രതിസന്ധി ഘട്ടങ്ങളിൽ അദ്ദേഹം നൽകിയ കരുതലും പിന്തുണയും വിലമതിക്കാനാവാത്തതാണ്.
സൗമ്യമായ പെരുമാറ്റവും നിഷ്കളങ്കമായ പുഞ്ചിരിയും കൊണ്ട് വിശ്വാസികളുടെ ഹൃദയങ്ങളിൽ ഇടംപിടിച്ച ഇടയനാണ് അദ്ദേഹം. പ്രതിസന്ധികളിൽ പതറാതെ പ്രാർത്ഥനാപൂർവ്വം പ്രശ്നങ്ങളെ സമചിത്തതയോടെ സമീപിക്കുകയും എന്നും സമന്വയത്തിന്റെ പാത സ്വീകരിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ നേതൃശൈലി സഭയ്ക്കും സമൂഹത്തിനും ഒരുപോലെ മാതൃകയാണെന്നും ബാവ കൂട്ടിച്ചേർത്തു.
അഭിവന്ദ്യ പിതാവിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നതോടൊപ്പം, പരിശുദ്ധാത്മ നിറവിൽ ഇനിയും ദീർഘകാലം സഭയെ നയിക്കാൻ സർവ്വശക്തനായ ദൈവം സകല കൃപകളും അനുഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും ശ്രേഷ്ഠ ബാവ ആശംസാ സന്ദേശത്തിൽ രേഖപ്പെടുത്തി.
ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത (മീഡിയാ സെൽ ചെയർമാൻ)
പുത്തൻകുരിശ് പാത്രിയർക്കാസെൻ്റർ
21/04/2026


