പുത്തൻകുരിശ് : ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മലങ്കര യാക്കോബായ സുറിയാനി സഭയിൽ നടക്കുന്ന വിശുദ്ധ മൂറോൻ കൂദാശയുടെ പ്രാരംഭ ശുശ്രൂഷകൾക്ക് ഇന്ന് (നവംബർ 12) വൈകിട്ട് തുടക്കമാകും. പുത്തൻകുരിശ് സെന്റ് അത്താനാസിയോസ് കത്തീഡ്രലിൽ നടക്കുന്ന ശുശ്രൂഷകൾക്ക് അന്തോഖ്യാ സിംഹാസനാധിപനും, ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ പ്രധാന കാർമികത്വം വഹിക്കും.
ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ, സുറിയാനി ഓർത്തഡോക്സ് സഭയിലെ അറുപതോളം മെത്രാപ്പോലീത്തന്മാർ, ഇതര ക്രൈസ്തവ സഭകളിലെ പ്രതിനിധികൾ തുടങ്ങിയവർ ശുശ്രൂഷകളിൽ സഹകാർമികരാകും.
ഇന്ന് വൈകിട്ട് 5.15ന് കത്തീഡ്രലിൽ സന്ധ്യാനമസ്കാരം ആരംഭിക്കും. തുടർന്ന് 5.30ന് പരിശുദ്ധ പാത്രിയർക്കീസ് ബാവയെയും ശ്രേഷ്ഠ കാതോലിക്കാ ബാവയെയും അഭിവന്ദ്യ മെത്രാപ്പോലീത്തന്മാരെയും പാത്രിയർക്കാ സെന്ററിൽനിന്ന് പ്രദക്ഷിണമായി കത്തീഡ്രലിലേക്ക് ആനയിക്കും. തുടർന്ന് വിശുദ്ധ മൂറോൻ കൂദാശയുടെ പ്രാരംഭ ശുശ്രൂഷകൾ ആരംഭിക്കും. ശുശ്രൂഷയുടെ ഭാഗമായി കത്തീഡ്രലിന് ചുറ്റും പ്രദക്ഷിണവും ഉണ്ടായിരിക്കും.
നവംബർ 13 വെള്ളിയാഴ്ച (നാളെ) രാവിലെ ഏഴിന് പ്രഭാത പ്രാർത്ഥനയോടെ വിശുദ്ധ മൂറോൻ കൂദാശയുടെ പ്രധാന ശുശ്രൂഷകൾ ആരംഭിക്കും. 7.45ന് പരിശുദ്ധ പാത്രിയർക്കീസ് ബാവയും, ശ്രേഷ്ഠ കാതോലിക്കാ ബാവയും അഭിവന്ദ്യ മെത്രാപ്പോലീത്തന്മാരും പാത്രിയർക്കാ സെന്ററിൽനിന്ന് പ്രദക്ഷിണമായി വിശുദ്ധ മദ്ബഹായിലേക്ക് പ്രവേശിക്കും. തുടർന്ന് രാവിലെ എട്ടിന് വിശുദ്ധ മൂറോൻ കൂദാശ ആരംഭിക്കും. തുടർന്ന് വിശുദ്ധ മൂറാൻ കൂദാശയുടെ ചടങ്ങുകൾ നടത്തപ്പെടും.
മലങ്കര സഭയുടെ ചരിത്രത്തിലെ സുപ്രധാനമായ ഈ ആത്മീയ മുഹൂർത്തത്തിന് സാക്ഷികളാകാൻ വിവിധ ദേശങ്ങളിൽനിന്നുള്ള വിശ്വാസികൾ പുത്തൻകുരിശിലേക്ക് എത്തിച്ചേരും. മുളന്തുരുത്തി സുന്നഹദോസിന്റെ ഒന്നര നൂറ്റാണ്ടിന്റെ ചരിത്രസ്മരണകൾ പുതുക്കുന്ന ഈ മഹത്തായ ചടങ്ങുകൾക്ക് സഭ ഒരുങ്ങിക്കഴിഞ്ഞു.