പുത്തൻകുരിശ് : മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശുദ്ധ മൂറോൻ കൂദാശ, മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ, പൊതുസമ്മേളനം എന്നിവയോടനുബന്ധിച്ച് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തുന്ന വിശ്വാസികളുടെ വാഹനങ്ങൾക്കായി വിപുലമായ പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വിവിധ സ്ഥലങ്ങളിൽനിന്ന് എത്തുന്ന വാഹനങ്ങൾക്കായി പ്രത്യേക പാർക്കിങ് കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനും വിശ്വാസികൾക്ക് സുഗമമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനുമായി വാഹനങ്ങൾ നിർദേശിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
മെത്രാപ്പോലീത്തന്മാരുടെയും വൈദികരുടെയും വാഹനങ്ങൾ
അഭിവന്ദ്യ മെത്രാപ്പോലീത്തന്മാരുടെ വാഹനങ്ങൾ പാത്രിയർക്കാ സെന്ററിൽ എത്തി തിരുമേനിമാരെ ഇറക്കിയശേഷം പുത്തൻകുരിശ് പള്ളിക്ക് മുൻവശത്തുള്ള എം.ജെ.എസ്.എസ്.എ മുറ്റത്തും എം.എ.എം. സ്കൂൾ മുറ്റത്തും പാർക്ക് ചെയ്യണം. വൈദികരുടെ വാഹനങ്ങൾ എം.എ.എം. സ്കൂൾ മുറ്റം, എം.ജെ.എസ്.എസ്.എ മുറ്റം, പുത്തൻകുരിശ് പള്ളിക്ക് മുൻവശത്തെ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാവുന്നതാണ്.
കോലഞ്ചേരി, ചൂണ്ടി വഴി എത്തുന്ന കാറുകൾ
കാവുംതാഴം ജംഗ്ഷനിലെ ഗ്രൗണ്ടിൽ വിശ്വാസികളെ ഇറക്കിയശേഷം അവിടെത്തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യണം. അവിടെ പാർക്കിങ് സൗകര്യം ലഭ്യമല്ലാത്ത സാഹചര്യത്തിൽ പുത്തൻകുരിശ് ജംഗ്ഷനിൽ വിശ്വാസികളെ ഇറക്കിയശേഷം 150 മീറ്റർ മുന്നോട്ട് പോയി വലതുവശത്തുള്ള ചെറുപുഷ്പം പള്ളി ഗ്രൗണ്ടിലും സെമിത്തേരി ഗ്രൗണ്ടിലും പാർക്ക് ചെയ്യാം.
പുത്തൻകുരിശ് രജിസ്ട്രാർ ഓഫീസിന് താഴെ വിശ്വാസികളെ ഇറക്കിയശേഷം ഇടത്തോട്ട് തിരിഞ്ഞ് പുത്തൻകുരിശ് പള്ളിക്ക് മുൻവശത്തെ ഗ്രൗണ്ടിലും പാർക്ക് ചെയ്യാം. ഇതേ സ്ഥലത്തുനിന്ന് വിശ്വാസികളെ ഇറക്കിയശേഷം ജംഗ്ഷനിൽ വലത്തോട്ട് തിരിഞ്ഞ് ബി.ടി.സി. സ്കൂൾ ഗ്രൗണ്ടിലും പഞ്ചായത്ത് ഓഫീസ് പരിസരത്തും വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്.
ബസുകളും ട്രാവലറുകളും
കോലഞ്ചേരി, ചൂണ്ടി വഴി എത്തുന്ന ബസുകളും ട്രാവലറുകളും പുത്തൻകുരിശ് ജംഗ്ഷനിൽ വിശ്വാസികളെ ഇറക്കിയശേഷം തിരുവാങ്കുളം റൂട്ടിലുള്ള ബൈബിൾ സൊസൈറ്റി കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. അവിടെ സൗകര്യം ലഭ്യമല്ലെങ്കിൽ മുന്നോട്ട് നീങ്ങി ദേശീയപാതയുടെ ഇടതുവശത്ത് ഗതാഗത തടസ്സം സൃഷ്ടിക്കാത്ത വിധത്തിൽ പാർക്ക് ചെയ്യേണ്ടതാണ്.
വയനാട്, കോഴിക്കോട്, തൃശൂർ ഭാഗങ്ങളിൽനിന്ന് എത്തുന്ന കാറുകൾ
ആലുവ, കരിമുകൾ വഴി എത്തുന്ന കാറുകൾ ബി.ടി.സി. സ്കൂൾ ഗ്രൗണ്ടിലും പഞ്ചായത്ത് ഗ്രൗണ്ടിലും പാർക്ക് ചെയ്യാവുന്നതാണ്.
കരിമുകൾ ഭാഗത്തുനിന്ന് എത്തുന്ന ബസുകൾ
പുത്തൻകുരിശ് ജംഗ്ഷനിൽ വിശ്വാസികളെ ഇറക്കിയശേഷം ഇടത്തോട്ട് തിരിഞ്ഞ് പത്താംമൈലിൽ എത്തി വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് പെട്രോസ് കൺവെൻഷൻ സെന്ററിൽ പാർക്ക് ചെയ്യണം. കൂടാതെ പുത്തൻകുരിശ് പോലീസ് സ്റ്റേഷൻ കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് മലേക്കുരിശ് ദയറാ ഗ്രൗണ്ടിലും ബി.എഡ്. കോളേജ് ഗ്രൗണ്ടിലും പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും.
പെരുമ്പാവൂർ, പട്ടിമറ്റം, വടവുകോട് വഴി എത്തുന്ന കാറുകൾ
കാവുംതാഴം ജംഗ്ഷന് 50 മീറ്റർ മുമ്പ് ഇടതുവശത്തുള്ള എം.ജി.എം. സ്കൂൾ ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്.
വിശുദ്ധ മൂറോൻ കൂദാശയിലും അനുബന്ധ സമ്മേളനങ്ങളിലും പങ്കെടുക്കാനെത്തുന്ന വിശ്വാസികൾ വാഹന പാർക്കിങ് സംബന്ധിച്ച നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു.