കൊച്ചി : ഇന്ത്യാ സന്ദർശനത്തിനായി കേരളത്തിലെത്തിയ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയ്ക്ക് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അതിഥിയെന്ന നിലയിൽ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രൗഢഗംഭീരമായ ഔദ്യോഗിക സ്വീകരണം നൽകി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അതിഥിയായി കേരളത്തിലെത്തിയ പരിശുദ്ധ ബാവയുടെ സന്ദർശനത്തിന് സർക്കാർ നൽകുന്ന പ്രാധാന്യവും ആദരവും വിളിച്ചോതുന്നതായിരുന്നു സ്വീകരണച്ചടങ്ങ്.
മലങ്കര സഭയുടെ ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന വിശുദ്ധ മൂറോൻ കൂദാശയ്ക്കും, യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിനും, ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിനും മുഖ്യകാർമികത്വം വഹിക്കുന്നതിനായാണ് പരിശുദ്ധ പാത്രിയർക്കീസ് ബാവ കേരളത്തിൽ എഴുന്നള്ളിയെത്തിയത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നടന്ന ഔദ്യോഗിക സ്വീകരണത്തിൽ മന്ത്രി അനൂപ് ജേക്കബ്, എം.പി. ബെന്നി ബഹനാൻ, എം.എൽ.എമാരായ വി.പി. സജീന്ദ്രൻ, അൻവർ സാദത്ത്, മനോജ് മുത്തേടൻ, ഷിബു തെക്കുംപുറം, മുൻ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി തുടങ്ങിയവർ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് പരിശുദ്ധ ബാവയെ സ്വീകരിച്ചു. കൂടാതെ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. ഷോൺ ജോർജ് വിമാനത്താവളത്തിൽ ബാവയെ സ്വീകരിക്കുവാൻ എത്തി ചേർന്നു.
തുടർന്ന് മലങ്കര യാക്കോബായ സുറിയാനി സഭയുടെ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിയ പരിശുദ്ധ പാത്രിയർക്കീസ് ബാവയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു.
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അതിഥിയായി പരിശുദ്ധ പാത്രിയർക്കീസ് ബാവയ്ക്ക് ലഭിച്ച സ്വീകരണം മലങ്കര സഭയ്ക്കും വിശ്വാസസമൂഹത്തിനും ഏറെ അഭിമാനകരമായ നിമിഷമായി. ചരിത്രപ്രധാനമായ മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങൾക്കും വിശുദ്ധ മൂറോൻ കൂദാശയ്ക്കും ഈ സന്ദർശനം കൂടുതൽ പ്രൗഢിയും പ്രാധാന്യവും പകരുന്നു.

