പുത്തൻകുരിശ് : മലങ്കര സഭയുടെ ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നവംബർ 13, 14 തീയതികളിൽ ക്രമീകരിച്ചിരിക്കുന്ന വിശുദ്ധ മൂറോൻ കൂദാശ, യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ, പൊതുസമ്മേളനം എന്നിവയിലും ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ സുന്നഹദോസിലും സംബന്ധിക്കുന്നതിനായി മലങ്കരയിൽ എഴുന്നള്ളിയ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയ്ക്ക് സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ പ്രൗഢോജ്വലമായ സ്വീകരണം നൽകി.
രാവിലെ എട്ടിന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന പരിശുദ്ധ പാത്രിയർക്കീസ് ബാവയ്ക്ക് കേരള സർക്കാരിന്റെ ഔദ്യോഗിക സ്വീകരണം നൽകി. തുടർന്ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിയ പരിശുദ്ധ ബാവയെ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയുടെ നേതൃത്വത്തിൽ മെത്രാപ്പോലീത്തന്മാരും സഭാ ഭാരവാഹികളും വിശ്വാസികളും ചേർന്ന് സ്വീകരിച്ചു.
തുടർന്ന് സെന്റ് അത്താനാസിയോസ് കത്തീഡ്രലിൽ പ്രവേശിച്ച പരിശുദ്ധ പാത്രിയർക്കീസ് ബാവ പ്രാർത്ഥന നടത്തി. പിന്നീട് പുണ്യശ്ലോകനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ കബറിടത്തിൽ ധൂപപ്രാർത്ഥനയും നടത്തി.