സ്വീഡൻ ● വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ ‘ഫെയ്ത്ത് ആൻഡ് ഓർഡർ കമ്മീഷൻ’ യോഗത്തിന് സ്വീഡനിലെ ഹൂറിൽ തുടക്കമായി. ഒക്ടോബർ 31 നടക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഭാ നേതാക്കളും ദൈവശാസ്ത്ര പണ്ഡിതന്മാരും പങ്കെടുക്കുന്നു.
സമ്മേളനത്തിന്റെ ഭാഗമായി ‘ലോകത്തിൽ, ലോകത്തിനുവേണ്ടിയുള്ള സഭ’ (Church in and for the World) എന്ന വിഷയത്തിൽ നടന്ന പ്ലീനറി സമ്മേളനത്തിന് യൂറോപ്പ് ഭദ്രാസനാധിപനും വൈദിക സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്തയും തിരുവനന്തപുരം മേഖലാധിപനുമായ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
അധ്യക്ഷപ്രസംഗത്തിൽ, കൊളോണിയലിസത്തിന്റെയും കൊളോണിയൽ പാരമ്പര്യത്തിന്റെ തുടർസ്വാധീനങ്ങളുടെയും പശ്ചാത്തലത്തിൽ സഭയുടെ ദൈവശാസ്ത്രപരമായ നിലപാടുകളും ദൃശ്യമായ ക്രൈസ്തവ ഐക്യത്തിന്റെ പ്രസക്തിയും മെത്രാപ്പോലീത്ത വിശദീകരിച്ചു. ചരിത്രപരമായ മുറിവുകളെയും വിവിധ ജനവിഭാഗങ്ങളുടെ വ്യത്യസ്ത അനുഭവങ്ങളെയും സത്യസന്ധമായി അംഗീകരിച്ചുകൊണ്ട് മാത്രമേ യഥാർത്ഥ ഐക്യത്തിലും ക്രൈസ്തവ സാക്ഷ്യത്തിലും മുന്നേറാൻ സാധിക്കൂ എന്ന് മെത്രാപ്പോലീത്ത വ്യക്തമാക്കി.
എക്യുമെനിക്കൽ പ്രസ്ഥാനത്തിന്റെ സുപ്രധാന ലക്ഷ്യം സഭകളുടെ ദൃശ്യമായ ഐക്യമാണ്. എന്നാൽ, ഐക്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ രൂപപ്പെടുന്നത് എങ്ങനെയെന്നും സഭാതല സംവാദങ്ങളിൽ ആരുടെയൊക്കെ ശബ്ദങ്ങൾക്കാണ് ഇടം ലഭിക്കുന്നതെന്നും ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. ചരിത്രപരമായ അസമത്വങ്ങളും കൊളോണിയൽ പാരമ്പര്യത്തിന്റെ സ്വാധീനങ്ങളും തിരിച്ചറിയുന്നത് കൂടുതൽ നീതിപൂർവകവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഐക്യം വളർത്തിയെടുക്കാൻ സഹായിക്കുമെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
ക്രൈസ്തവ സഭകൾ തമ്മിലുള്ള ഐക്യം, ദൈവശാസ്ത്രപരമായ സംവാദങ്ങൾ, സഭയുടെ സാമൂഹിക ഉത്തരവാദിത്തം എന്നിവയ്ക്ക് ഊന്നൽ നൽകുന്നതാണ് ഈ സമ്മേളനം. ആഗോളതലത്തിൽ ക്രൈസ്തവ ഐക്യം ശക്തിപ്പെടുത്തുന്നതിനും സമകാലിക ലോകത്തിൽ സഭയുടെ ദൗത്യവും ഉത്തരവാദിത്വവും സംബന്ധിച്ച പുതിയ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നതിനും ഈ ആഗോള കൂട്ടായ്മ വേദിയാകുന്നു.


