പുത്തൻകുരിശ് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ സത്യവിശ്വാസവും ആത്മീയ പാരമ്പര്യവും സംഗീതത്തിലൂടെ ആവിഷ്കരിക്കുന്ന ‘പരിമളധ്വനി’ ഒക്ടോബർ 30 വെള്ളിയാഴ്ച പുറത്തിറങ്ങും. പ്രശസ്ത ക്രിസ്തീയ ഭക്തിഗാന ഗായകൻ കെസ്റ്റർ ആലപിക്കുന്ന ഈ സംഗീതാവിഷ്കാരം ഫ്രണ്ട്സ് ഓഫ് അന്ത്യോഖ്യാ സഭയ്ക്കായി സമർപ്പിക്കുന്നു.
സഭയുടെ വിശ്വാസപൈതൃകത്തോടുള്ള ആദരവും ആത്മീയ സ്നേഹവും സംഗീതത്തിലൂടെ പകരുക എന്ന ലക്ഷ്യത്തോടെ ഫ്രണ്ട്സ് ഓഫ് അന്ത്യോഖ്യാ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ‘പരിമളധ്വനി’ ഒരുക്കിയിരിക്കുന്നത്. ഫാ. എമിൽ വർഗീസ് വേലിക്കകത്താണ് ഗാനത്തിന്റെ വരികളും സംഗീതവും നിർവഹിച്ചിരിക്കുന്നത്. പ്രദീപ് ടോമാണ് ഓർക്കസ്ട്രേഷൻ നിർവഹിക്കുന്നത്. ഷിനു ജീസസ് എബ്രഹാമാണ് ക്രിയേറ്റീവ് ഡയറക്ടർ.
സത്യവിശ്വാസത്തിന്റെ സൗന്ദര്യവും സഭയുടെ ആത്മീയ പാരമ്പര്യത്തിന്റെ മഹിമയും സംഗീതത്തിന്റെ മാധുര്യത്തിൽ കോർത്തിണക്കുന്ന ‘പരിമളധ്വനി’ വിശ്വാസഹൃദയങ്ങളിൽ ആത്മീയാനുഭൂതിയുടെ പുതിയൊരു സംഗീതാനുഭവം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഭയോടുള്ള സ്നേഹാദരങ്ങളുടെ സംഗീതസമർപ്പണമായി ഒരുങ്ങുന്ന ഈ ഗാനം വിശ്വാസഹൃദയങ്ങളിൽ ആത്മീയ ചൈതന്യവും വിശ്വാസത്തിന്റെ സുഗന്ധവും പകരും.
ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ രണ്ടാം ദുഖ്റോനോ പെരുന്നാളിനോടനുബന്ധിച്ച് ഒക്ടോബർ 30 വൈകിട്ട് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ സഭാ ഭാരവാഹികൾക്ക് നൽകി ‘പരിമളധ്വനി’യുടെ പ്രകാശനകർമം നിർവഹിക്കും. തുടർന്ന് സംഗീതാവിഷ്കാരം പ്രേക്ഷകരിലേക്ക് എത്തും.
